കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില താഴ്ന്ന് തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില്‍ 240 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ വര്‍ധനയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നത്. നത്തോലിക്ക് 30 മുതല്‍ 40 വരേയും, മത്തിക്ക് 240 മുതല്‍ 260 വരേയും വിലയായി കുറഞ്ഞിട്ടുണ്ട്. കിളിമീന്‍ 160 മുതല്‍ 200 വരേയും, ചൂര 150 മുതല്‍ 200 വരേയും, ചെമ്മീന്‍ 320 മുതല്‍ 380 വരേയുമായാണ് കുറഞ്ഞത്. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ ചെറുവള്ളങ്ങളില്‍ പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് 400 രൂപയിലധികം വില കേറിയിരുന്നു.