കോഴിക്കോട്: കണ്ണന്‍കടവ് അഴീക്കല്‍ തീരത്ത് ജീവനോടെ കരയ്ക്കടിഞ്ഞ കൂറ്റന്‍ നീല തിമിംഗലത്തിന് രക്ഷകരായി മത്സ്യ തൊഴിലാളികള്‍. ഇന്നലെ രാവിലെയാണ് സംഭവം. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് കരയ്ക്കടിഞ്ഞ തിമിംഗലത്തെ 13 മത്സ്യത്തൊഴിലാളികളുടെ രക്ഷാദൗത്യത്തില്‍ തിരികെ കടലിലെത്തിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്,
‘രാവിലെ 9.30യോടെയായിരുന്നു സംഭവം. ബീച്ചില്‍ കല്ലിന്റെ മുകളില്‍ ഞങ്ങള്‍ ഇരിക്കുമ്പോഴാണ് കണ്ടത്. ആദ്യം കണ്ടപ്പോള്‍ ഡോള്‍ഫിനാണെന്ന് കരുതി. അടുത്ത് വന്നപ്പോഴാണ് അത് കടലിലെ രാജാവാണെന്ന് മനസ്സിലായത്. കരയ്ക്ക് കുത്തി മണ്ണിലേക്ക് കയറിപ്പോയി. പിന്നെ അതിന് പോകാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അത് കണ്ട് ഞങ്ങള്‍ ഓടിവന്നു. മുന്‍പ് ഇതിനെ രക്ഷപ്പെടുത്തുന്ന ഒരു വീഡിയോ കണ്ടിരുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇതിന് ഇറങ്ങൂല. പേടിച്ചിട്ട്. വീഡിയോ കണ്ടതിന്റെ പേരില്‍ ഞങ്ങള്‍ നാല് പേര്‍ ഇറങ്ങിവന്നു.
also read: വയനാട് ദുരന്തം; മരിച്ച 36പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
അതിനെ തിരികെ കടലിലേക്കാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ നാല് പേര് നോക്കീട്ട് സാധിക്കുന്നില്ല. നമ്മുടെ കുട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ട് ഇവിടെ. ആ ഗ്രൂപ്പില്‍ ഞാനൊരു വോയിസ് മെസ്സേജ് ഇട്ടു. ഓണ്‍ലൈനില്‍ ഉള്ളവര്‍ അഴീക്കലിലേക്ക് വാ ഇവിടെ ഒരു രാജാവ് (രാജാവ് എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്) ജീവനോടെ വന്നിരിക്കുന്നു. അതിനെ രക്ഷപ്പെടുത്തണം. ഞങ്ങള്‍ക്ക് നാലുപേര്‍ക്ക് കഴിയുന്നില്ല നിങ്ങളെല്ലാം വേഗം വരണം. 10, 12ഓളം പേര്‍ വന്ന് ഇറങ്ങി, ലേശം കല്ലുമലൊക്കെ അടിച്ചിട്ട് വാലുമ്മേല്‍ സ്‌ക്രാച്ചൊക്കെ വന്നു. വാലുകൊണ്ട് അടികൂടി എന്റെ കാല് ലേശം പൊട്ടി. വേലിയേറ്റസമയമാണ്, കടല്‍ കൂടുതലുണ്ട്, ആ സമയത്താണ് ഇത് കല്ലുമേല്‍ക്ക് ആഞ്ഞടിച്ച് ഇങ്ങനെ വരുന്നത്. തിമിംഗലത്തെ നേരെയാക്കി. കണ്ണെത്താ ദൂരത്തുവരെ രക്ഷപ്പെട്ട് പോകുന്നത് നോക്കിനിന്നു’, രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.