കുര്‍ബാനത്തര്‍ക്കം; സര്‍ക്കുലറിനെതിരെ സിനഡിന് കത്തുനല്‍കി ബിഷപ്പുമാര്‍

കുര്‍ബാനത്തര്‍ക്കം; സര്‍ക്കുലറിനെതിരെ സിനഡിന് കത്തുനല്‍കി ബിഷപ്പുമാര്‍

കൊച്ചി; ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ തയ്യാറാകാത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന സര്‍ക്കുലറിനെ എതിര്‍ത്ത് എറണാകുളം അങ്കമാലി അതിരൂപതാംഗങ്ങളായ അഞ്ചുബിഷപ്പുമാർ സഭാ സിനഡിന് കത്തുനൽകി.

2024 ജൂലൈ 3മുതല്‍ അതിരൂപതയിലെ എല്ലാപള്ളികളിലും സിനഡ് അംഗീകരിച്ച ഏകീക‍ൃതകുര്‍ബാന അര്‍പ്പിക്കണം എന്നതായിരുന്നു സര്‍ക്കുലറിലെ അന്ത്യശാസനം. ഇതിനെതിരെയാണ് ബിഷപ്പുമാരുടെ കത്ത്.

സിനഡിന് മുൻപ് മേജർ ആർച്ച് ബിഷപ് സർക്കുലർ പുറത്തിറക്കിയത് ശരിയല്ലെന്ന് കത്തിൽ പറയുന്നു. സര്‍ക്കുലര്‍ ഇറക്കാനുള്ള അധികാരം വത്തിക്കാന്‍നല്കിയിട്ടുണ്ടോയെന്ന് ചോദിക്കുന്ന ബിഷപ്പുമാര്‍ സര്ക്കുലര്‍ ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ വിയോജിപ്പില്ലെങ്കിലും കടുത്തനടപടി അതിരൂപതയെ പ്രക്ഷുബ്ധമാക്കുമെന്നും തങ്ങളുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുമെന്നും അവര്‍ ആശങ്ക അറിയിച്ചു.

വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പ് സഭയുടെ മധ്യയുഗ സംസ്കാരത്തെ തിരിച്ചുകൊണ്ടുവന്നെന്ന കടുത്തവിമര്‍ശനവും കത്തിലുണ്ട്. ഏകീകൃതകുര്‍ബാന അര്‍പ്പിക്കാത്ത വൈദീകര്‍ എല്ലാവരും സഭാകൂട്ടായ്മയില്‍ നിന്ന് സ്വയമേവ പുറത്താകും എന്ന സര്‍ക്കുലറിലെ പരാമര്‍ശത്തോടും ഇവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരെ പുറത്താക്കുക എന്നത് സഭയുടെ ശൈലി അല്ല. അനുഷ്ഠാനത്തിന്റെ പേരില്‍ കടുംപിടിത്തം അവശ്യമില്ലെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളെയും, വൈദീകരെയും സഭയോട് ചേര്‍ത്തുനിര്‍ത്തി അനുരഞ്ജന ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണം.

അതിന് മുന്‍കൈ എടുക്കാന്‍ തങ്ങള്‍ തയാറാണെന്നും കത്തില്‍ പറയുന്നു. മാര്‍ എഫ്രേം നരിക്കുളം, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് ചിറ്റൂപറമ്പില്‍, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവരാണ് കത്ത് നല്‍കിയവര്‍. ഏകപക്ഷീയ നടപടികള്‍ അംഗീകരിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Top