ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകള്‍

പ്രീമിയം മോഡലുകളാണ് ഭൂരിഭാഗവും എങ്കിലും വാഹനപ്രേമികളുടെ പ്രിയപ്പെട്ട മോഡലുകളും ഇക്കൂട്ടത്തിലുണ്ട്

ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകള്‍
ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തുന്ന പുത്തന്‍ കാറുകള്‍

ഞ്ചു കാറുകളാണ് ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കിയെത്തുന്നത്. പ്രീമിയം മോഡലുകളാണ് ഭൂരിഭാഗവും എങ്കിലും വാഹനപ്രേമികളുടെ പ്രിയപ്പെട്ട മോഡലുകളും ഇക്കൂട്ടത്തിലുണ്ട്. കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നീ ബ്രാന്‍ഡുകളുടെ ഓരോ മോഡലുകളുമാണ് ഇന്ത്യന്‍ വാഹന വിപണി കീഴടക്കാനായി എതാന്‍ പോകുന്നത്.

കിയ കാര്‍ണിവല്‍

New Kia Carnival 

കഴിഞ്ഞ ജൂണില്‍ അവസാനിപ്പിച്ച കിയ കാര്‍ണിവലിന്റെ പുതുതലമുറ മോഡല്‍ ഒക്ടോബര്‍ മൂന്നിന് അവതരിപ്പിക്കും. കൂടുതല്‍ ആഡംബര സൗകര്യങ്ങളുമായെത്തുന്ന പുതിയ കാര്‍ണിവലില്‍ ലിമസീന്‍, ലിമസീന്‍ പ്ലസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. അതേസമയം തുടക്കത്തില്‍ 7 സീറ്റര്‍(2+2+3) മോഡലാണുണ്ടാവുക. ഇതില്‍ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ബഞ്ച് സീറ്റുമാണ് നല്‍കിയിരിക്കുന്നത്.

193 എച്ച്പി, 2.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന്റെ കരുത്ത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി(CBU) ചെയ്യുന്ന വാഹനമാണിത്. വില 50 ലക്ഷം രൂപക്കു മുകളില്‍. വൈകാതെ ഇന്ത്യയില്‍ തന്നെ കിയ കാര്‍ണിവലിന്റെ നിര്‍മാണവും ആരംഭിക്കും. ഒക്ടോബര്‍ മൂന്നിനു തന്നെയാണ് കിയ രണ്ടാം മോഡലായ ഇവി9 ഇലക്ട്രിക് എസ് യു വി പുറത്തിറക്കുന്നത്. 99.8kWh ബാറ്ററി പാക്കാണ് ഇന്ത്യയിലെത്തുന്ന ഇവി9ന്. റേഞ്ച് 561 കീമി(ARAI). ഡ്യുവല്‍ മോട്ടോറുള്ളവാഹനത്തിന് ഓള്‍ വീല്‍ ഡ്രൈവും സാധ്യമാണ്.

മോട്ടോറുകള്‍ 384 എച്ച്പി കരുത്തും 700എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നു. 6 സീറ്ററാണ് സ്റ്റാന്‍ഡേഡ് മോഡല്‍. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ്, മസാജ് ഫങ്ഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് എന്നീ ഫീച്ചറുകളുണ്ട്. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കു മതി ചെയ്യുന്ന(CBU) ഈ മോഡലിന് ഒരു കോടിയിലേറെ രൂപ വിലയുണ്ട്.

നിസാന്‍ മാഗ്നൈറ്റ് ഫേസ്ലിഫ്റ്റ്

Magnite

നീണ്ട നാലു വര്‍ഷത്തിനു ശേഷം ഒക്ടോബര്‍ നാലിന് മാഗ്‌നൈറ്റ് ഫേസ് ലിഫ്റ്റഡ് വേര്‍ഷന്‍ എത്തും. മുന്നിലെ ബംപറുകളിലും ഗ്രില്ലിലും ഹെഡ്ലാംപിലുമെല്ലാം മാറ്റങ്ങളുണ്ടാവും. അലോയ് വീലും മാറുമെന്ന സൂചന നിസാന്‍ പുറത്തുവിട്ട ടീസറിലുണ്ട്. അതേസമയം ഇന്റീരിയറിലെ മാറ്റങ്ങളെക്കുറിച്ച് വ്യക്തതയില്ല. 72എച്ച്പി, 96എന്‍എം, 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ ഈ ജനകീയ വാഹനത്തില്‍ തുടരാനാണ് സാധ്യത. ടര്‍ബോ വകഭേദത്തില്‍ കരുത്ത് 100എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 160എന്‍എമ്മിലേക്കും വര്‍ധിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. വിലയിലും നേരിയ മാറ്റം പ്രതീക്ഷിക്കാം.

ബിവൈഡി ഇമാക്സ് 7

BYD eMAX 7

ഇന്ത്യയില്‍ ബിവൈഡി ആദ്യമായി പുറത്തിറക്കിയ 2021ലെ ഇ6ന്റെ ഫേസ് ലിഫ്റ്റഡ് മോഡലാണ് ഇമാക്സ് 7. പുതിയ ഹെഡ്ലാംപുകളും ടെയില്‍ ലാംപുകളും ബംപറുകളുമായാണ് ഈ ഇലക്ട്രിക് എംപിവിയുടെ വരവ്. ഉള്ളില്‍ ഡാഷ്ബോര്ഡില്‍ മാറ്റങ്ങളില്ല. കൂടുതല്‍ വലിയ 12.8 ഇഞ്ചിന്റെ ഫ്ളോട്ടിങ് ടച്ച്സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. മൂന്നു നിരകളിലായി 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകള്‍. പനോരമിക് സണ്‍റൂഫ്, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഇ മാക്സ് 7ലുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. 55.4kWh ബാറ്ററിയില്‍ 420കീമിയും 71.8kWh ബാറ്ററിയില്‍ 530 കീമിയുമാണ് റേഞ്ച്. ഇന്ത്യയിലെത്തുക ഏത് വകഭേദമെന്ന് ഉറപ്പായിട്ടില്ല എങ്കിലും, വില 30 ലക്ഷം – 33 ലക്ഷം രൂപ വരെയാകാം.

Also read:അടുത്തവര്‍ഷം ടൊയോട്ടയുടെ 3 എസ്‍യുവികൾ നിരത്തിലേക്ക്

ആറാം തലമുറ മെഴ്സിഡീസ് ബെന്‍സ് ഇ ക്ലാസ്

Mercedes-Benz E-Class

ആറാം തലമുറ ഇ ക്ലാസ്(വി214) ആണ് മെഴ്സിഡീസിന്റെ ഉത്സവകാല മോഡല്‍. 80 ലക്ഷത്തിലേറെ വിലയുള്ള ഈ ആഡംബര കാറിന്റെ പ്രധാന എതിരാളി ബിഎംഡബ്ല്യു 5 സീരീസ് എല്‍ഡബ്ല്യുബി. മുന്‍ഗാമിയേക്കാള്‍ വലിപ്പം കൂടുതലുണ്ട് ബെന്‍സ് ഇ ക്ലാസിന്. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളാണ് കരുത്ത്. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 204എച്ച്പി കരുത്തും ഡീസല്‍ എന്‍ജിന്‍ 197എച്ച്പി കരുത്തും പുറത്തെടുക്കും. രണ്ടിലും 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം നല്‍കിയിട്ടുണ്ട്. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ പുതിയ ഇക്ലാസിന്റെ വിതരണം ആരംഭിക്കുമെന്നാണ് മെഴ്സിഡീസ് ബെന്‍സ് അറിയിക്കുന്നത്.

Top