അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!

അമേരിക്ക നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്റെ നീക്കമാണ് യുദ്ധം അനിവാര്യമാക്കിയിരുന്നത്. യുക്രെയ്ന്‍ നാറ്റോയുടെ ഭാഗമായി കഴിഞ്ഞാല്‍ അമേരിക്കന്‍ മിസൈലുകള്‍ ഉള്‍പ്പെടെയാണ് റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെടുക.

അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!
അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!

2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യ- യുക്രെയ്ന്‍ ഏറ്റുമുട്ടലില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ മുന്‍ നിര്‍ത്തി റഷ്യ ടുഡേയാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുദ്ധത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുക്രെയ്‌ന്റെ മാനവശേഷിയുടെ പകുതിയോളമാണിത്. യുക്രെനിയന്‍ സായുധ സേന തങ്ങളുടെ കുറവുകള്‍ പരിഹരിക്കുന്നതിനായുള്ള നിരന്തര പരിശ്രമത്തിലാണെന്ന് ജനറല്‍ അലക്‌സാണ്ടര്‍ സിര്‍സ്‌കി വെളിപ്പെടുത്തിയതായും റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റഷ്യന്‍ മുന്നേറ്റത്തിന്നു മുന്നില്‍ പകച്ചു നില്‍ക്കുന്ന യുക്രെയ്‌ന് പുതുതായി 500,000 സൈനികരെയാണ് കൂടുതലായി ആവശ്യമായി വന്നിരിക്കുന്നത്. നിലവിലെ സൈനിക നഷ്ടങ്ങള്‍ നികത്തി പുതിയ യൂണിറ്റുകള്‍ രൂപീകരിക്കാന്‍ യുക്രെയ്ന് കുറഞ്ഞത് 500,000 പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്തേണ്ടത് ആവശ്യമാണെന്നാണ് യുക്രെനിയന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥനായ കോസ്റ്റെങ്കോ പ്രിയമി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജ്യത്തിന്റെ പുതിയ പദ്ധതികള്‍ക്ക് നിലവില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ 300,000 പേരുടെ കുറവാണ് നേരിടുന്നത്. ഡിഫന്‍സ് ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി സെക്രട്ടറി കൂടിയായ അദ്ദേഹം ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Valerii Zaluzhnyi

മുന്‍ സൈനിക മേധാവി വലേരി സലുഷ്‌നി കഴിഞ്ഞ വര്‍ഷം അവസാനം നല്‍കിയ കണക്കുകളില്‍ നിന്നും വ്യത്യസ്തമാണ് കോസ്റ്റെങ്കോയുടെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 2023 ഡിസംബറില്‍ 500,000 പുരുഷന്മാരെ യുദ്ധ മുഖത്ത് അണിനിരത്താനായിരുന്നു സലുഷ്നി ആവശ്യപ്പെട്ടിരുന്നത്. ഈ തീരുമാനത്തെ ശരിവെച്ച വൊളോഡിമിര്‍ സെലെന്‍സ്‌കി പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് പിന്മാറുകയാണുണ്ടായത്. തുടര്‍ന്ന് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ ഫെബ്രുവരിയില്‍ ചുമതലയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

Also Read: സൗന്ദര്യപ്രേമികള്‍ക്ക് മുന്നറിയിപ്പ്; സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുക്കള്‍

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയത് മുതല്‍ സലുഷ്‌നിയായിരുന്നു കമാന്‍ഡര്‍ ഇന്‍ ചീഫ്. എത്ര സൈനികരെ റിക്രൂട്ട് ചെയ്യണമെന്നതില്‍ കൃത്യമായ കണക്ക് സെലെന്‍സ്‌കി നല്‍കിയിട്ടില്ലെങ്കിലും വര്‍ഷാവസാനത്തോടെ 1,60,000 സൈനികരെ ആവശ്യമായി വരുമെന്നാണ് യുക്രെയ്ന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കോസ്റ്റെങ്കോയുടെ അഭിപ്രായത്തില്‍ 200,000 സൈനികരെയാണ് പുതുതായി ചേര്‍ക്കേണ്ടത്. യുക്രെനിയന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് രാജ്യത്തിന്റെ സായുധ സേന നിലവില്‍ 1.05 ദശലക്ഷമാണ്. യുദ്ധനഷ്ടങ്ങള്‍ നികത്തുന്നതിനും ഫ്രണ്ട് ലൈന്‍ യൂണിറ്റുകളെ പുതിയ ബ്രിഗേഡുകള്‍ക്കായി അനുവദിക്കുന്നതിനും അധിക സൈനികര്‍ തീര്‍ച്ചയായും ആവശ്യമാണ്.

Volodymyr Zelensky

സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 100,000 സൈനികര്‍ പിരിഞ്ഞുപോയതായും യുക്രെനിയന്‍ സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2022 -മുതല്‍ റഷ്യന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിവരികയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവര്‍ ഡോണ്‍ബാസില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തന്ത്ര പ്രധാന പ്രദേശങ്ങളായ ഉഗ്ലെദാറിനെയും സെലിഡോവോയെയും കീഴടക്കിയ റഷ്യന്‍ സേന ഇപ്പോള്‍ കുരാഖോവോയെ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് മുന്നേറുന്നത്. യുക്രെയ്‌നിലെ വ്യോമതാവളങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള നിരവധി ലക്ഷ്യങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം നടത്തിയ റഷ്യ യുക്രെനിയന്‍ സൈന്യം ഉപയോഗിച്ചിരുന്ന ഊര്‍ജ്ജ സൗകര്യങ്ങളും എണ്ണ ശുദ്ധീകരണശാലയും ആക്രമിച്ചിട്ടുണ്ട് ഇക്കാരും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎവി വര്‍ക്ക് ഷോപ്പുകളും സ്റ്റോറേജ് സൈറ്റുകളും ഉള്‍പ്പെടെ റഷ്യ സൈന്യം തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. യുക്രെയിനിലെ 132 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ ആക്രമണത്തില്‍ റഷ്യന്‍ സൈന്യം ഡ്രോണുകള്‍ മിസൈലുകള്‍ പീരങ്കികള്‍ എന്നിവ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ യുക്രയ്‌നിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തതായും അമേരിക്കന്‍ നിര്‍മ്മിത ഹിമര്‍സ് മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റങ്ങള്‍ ഫ്രഞ്ച് നിര്‍മ്മിത ഹാമര്‍ ഗൈഡഡ് ഏരിയല്‍ ബോംബ് 42 എയര്‍ക്രാഫ്റ്റ്-ടൈപ്പ് യുഎവികള്‍ എന്നിവ വെടിവെച്ചിട്ടതായും റഷ്യന്‍ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.

America Flag

റഷ്യ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുക്രെയ്ന്‍ ദേശീയ വിഭാഗമായ ക്രാക്കന്‍ കോമ്പൗണ്ടില്‍ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയതായ വാര്‍ത്തകളും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. നിയോ-നാസി അസോവ് ബറ്റാലിയനിലെ മുന്‍ അംഗങ്ങളും മറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് 2022 ലാണ് റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവിടെയും വന്‍ നാശനഷ്ടം ഉണ്ടായതായാണ് പുറത്ത് വരുന്ന വിവരം. യുക്രെനിയന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയായ എച്ച്യുആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡോ റെജിമെന്റ്, ‘ക്രാക്കന്‍’ സ്ഥാപിച്ചിരുന്നത്.

Also Read: യുക്രെയിന്റെ വളര്‍ച്ചയും തളര്‍ച്ചയും

അമേരിക്കയും മറ്റ് നാറ്റോ സഖ്യ രാജ്യങ്ങളും നല്‍കിയ ആധുനിക ആയുധങ്ങളും കൂലിപടയാളികളും ആധുനിക ടെക്‌നോളജിയും മുന്‍ നിര്‍ത്തി യുദ്ധം ചെയ്തിട്ടും റഷ്യന്‍ സൈന്യത്തെ ഒരു ഘട്ടത്തില്‍ പോലും പ്രതിരോധത്തിലാക്കാന്‍ യുക്രെയിന് സാധിച്ചിട്ടില്ല. അമേരിക്കയുടെ അഭിമാനമായ എഫ് 35 പോര്‍വിമാനവും ജര്‍മ്മനിയുടെയും ബ്രിട്ടന്റെയും ഉള്‍പ്പെടെ ടാങ്കുകളും റഷ്യന്‍ സൈന്യം തകര്‍ത്ത് കളഞ്ഞത് ഈ രാജ്യങ്ങള്‍ക്കും ശരിക്കും നാണക്കേടായി മാറിയിട്ടുണ്ട്. മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിന്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് സ്വതന്ത്ര രാജമായി മാറിയിരുന്നത്.

NATO

അമേരിക്ക നേതൃത്വം നല്‍കുന്ന സൈനിക സഖ്യമായ നാറ്റോയില്‍ ചേരാനുള്ള യുക്രെയിന്റെ നീക്കമാണ് യുദ്ധം അനിവാര്യമാക്കിയിരുന്നത്. യുക്രെയ്ന്‍ നാറ്റോയുടെ ഭാഗമായി കഴിഞ്ഞാല്‍ അമേരിക്കന്‍ മിസൈലുകള്‍ ഉള്‍പ്പെടെയാണ് റഷ്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെടുക. ഇത് റഷ്യക്ക് വലിയ സുരക്ഷാ ഭീഷണി ആകും എന്നതിനാലാണ് നാറ്റോ അംഗത്വം സ്വീകരിക്കരുത് എന്ന് റഷ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദത്തിന്റെ ഭാഗമായി റഷ്യയുടെ ഈ ആവശ്യം യുക്രെയ്ന്‍ തള്ളിക്കളയുകയാണ് ചെയ്തത്. ഇതോടെയാണ് റഷ്യ യുക്രെയിന് എതിരെ സൈനിക നടപടി ആരംഭിച്ചിരുന്നത്.

ഈ നിമിഷം വരെ റഷ്യ യുദ്ധം പ്രഖ്യാപിക്കാതിരുന്നതു കൊണ്ടു മാത്രമാണ്. സൈനിക നടപടിക്ക് കാലതാമസം നേരിടേണ്ടി വന്നത് എന്നാണ് വിദഗ്ദരും വിലയിരുത്തുന്നത്. റഷ്യയുടെ ചെറിയ ശതമാനം സൈനികര്‍ മാത്രമാണ് ഇപ്പോഴും യുദ്ധമുഖത്തുള്ളത്. അതാകട്ടെ, റഷ്യയുടെ സ്ട്രാറ്റജിയുമാണ്. റഷ്യയുടെ ആവനാഴിയിലെ അപകടകാരികളായ ആയുധങ്ങളും ഇതുവരെ യുക്രെയിന് എതിരെ അവര്‍ പ്രയോഗിച്ചിട്ടില്ല. എന്നാല്‍, അമേരിക്കയുടെ അവസ്ഥ അതല്ല യുക്രെയിനും ഇസ്രയേലിനും ആയുധങ്ങള്‍ നല്‍കിയത് മൂലം അമേരിക്കയുടെ ആയുധ കലവറ തന്നെ ശുന്യമായി തുടങ്ങിയതായാണ് അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Express Kerala Network

വീഡിയോ കാണാം

Top