CMDRF

വയനാട് ഉരുൾപൊട്ടൽ: കെ ടി ജലീല്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കും

വയനാട് ഉരുൾപൊട്ടൽ: കെ ടി ജലീല്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കും
വയനാട് ഉരുൾപൊട്ടൽ: കെ ടി ജലീല്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കും

മലപ്പുറം: വയനാട് ​ദുരിതത്തിൽ പങ്കുചേരാൻ കെ ടി ജലീല്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. മകളുടെ വിവാഹ സത്കാരത്തിനായി കരുതിവെച്ച പണമാണ് സംഭാവനയായി നൽകുന്നത്. അടുത്ത മാസമാണ് മകളുടെ വിവാഹം.

എംഎല്‍എയുടെ മകള്‍ ഡോ. സുമയ്യ ബീഗവും രണ്ടത്താണിയിലെ കല്ലന്‍ സൈതലവി ഹാജിയുടെ മകന്‍ ഡോ. മുഹമ്മദ് ഷെരീഫും തമ്മിലുള്ള നിക്കാഹം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹ സത്കാരം അടുത്തമാസം കാവുംപുറത്തെ ഓഡിറ്റോറിയത്തില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് മുണ്ടക്കൈ ദുരന്തമുണ്ടായത്. ഇതോടെ ക്ഷണമടക്കം നിര്‍ത്തി ഒരുക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് സത്കാരത്തിനായി കരുതിവെച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ കമല്‍ഹാസന്‍ പണം നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് കമല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വയനാട് ദുരന്തത്തില്‍ താരം നേരത്തെ തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കമലിന് പുറമെ സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ രശ്മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നല്‍കിയത്. തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ നല്‍കുകയും ചെയ്തിരുന്നു.

Top