CMDRF

മന്ത്രവാദം നടത്തിയെന്ന് ആരോപണം; ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി

സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു

മന്ത്രവാദം നടത്തിയെന്ന് ആരോപണം;  ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി
മന്ത്രവാദം നടത്തിയെന്ന് ആരോപണം;  ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. കർക്കലച്ചി (43), കണ്ണ (34), ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച (34), മൗസം അർജോ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സവ്‌ലം രാജേഷ് (21), സവ്‌ലം ഹിദ്മ, കരം സത്യം (35), കുഞ്ഞം മുകേഷ് (28), പൊടിയം എങ്ക എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.

വടിവാളുകൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. തുടർന്ന് അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു. ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യംവെച്ച് ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു.

അതേസമയം സെപ്തംബർ 12ന് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രാമത്തിൽ ഓരോ ആഴ്ചയും ഒരു കുട്ടിയോ പുരുഷനോ വീതം മന്ത്രവാദത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്.

Top