അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; അറുപതോളം പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; അറുപതോളം പേര്‍ മരിച്ചു
അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; അറുപതോളം പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്. ബാഗ്ലാന്‍ പ്രവിശ്യയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ രണ്ട് കൊടുങ്കാറ്റുകള്‍ കൂടിയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അസാധാരണ കാലാവസ്ഥയാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്നത്. ഏപ്രില്‍ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത പ്രളയങ്ങളില്‍ നൂറിലധികം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്. ബോര്‍ഖ, ബഗ്ലാന്‍ പ്രവിശ്യയിലുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

200ലേറെ പേരാണ് മിന്നല്‍ പ്രളയങ്ങളില്‍ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് രാത്രിയിലെ വെളിച്ചക്കുറവ് സാരമല്ലാത്ത രീതിയില്‍ വെല്ലുവിളി സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. കാബൂളില്‍ നിന്ന് അഫ്ഗാനിസ്ഥാന്റ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാനപാത അടച്ച നിലയിലാണുള്ളത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്‌കുകളും നാല് സ്‌കൂളുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.

Top