ബംഗ്ലദേശിലെ വെള്ളപ്പൊക്കം; കാരണം ഇന്ത്യയെന്ന് ആരോപണം

ബംഗ്ലദേശിലെ വെള്ളപ്പൊക്കം; കാരണം ഇന്ത്യയെന്ന് ആരോപണം
ബംഗ്ലദേശിലെ വെള്ളപ്പൊക്കം; കാരണം ഇന്ത്യയെന്ന് ആരോപണം

ന്യൂഡൽഹി: ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണ് ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ ബംഗ്ലദേശിലെ കോമില്ലയിലേക്ക് രാത്രി വെള്ളം ഒഴുക്കിവിട്ടെന്നാണ് ബംഗ്ലദേശിന്റെ ആരോപണം.

കനത്ത മഴയെത്തുടർന്നാണ് 31 വർഷത്തിനുശേഷം ഗേറ്റ് തുറന്നതെന്നത് മനസിലാക്കാനാകുന്ന കാര്യമാണെങ്കിലും ഇത് ബംഗ്ലദേശിനെ അറിയിക്കാത്തത് മോശമാണെന്നും ബംഗ്ലദേശ് ജല വികസന ബോർഡ് പറഞ്ഞതായി ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റിസർവോയർ തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് ആരോപിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിസർവോയറിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നതെന്നും ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ത്രിപുരയിലും അതിനോട് ചേർന്നുള്ള ബംഗ്ലദേശിന്റെ മേഖലകളിലും ജനങ്ങൾ സമാന ദുരിതമാണ് അനുഭവിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 21 മുതൽ തുടരുന്ന മഴയെത്തുടർന്ന് റിസർവോയറിന്റെ ഗേറ്റ് ഉയർത്തിയിട്ടുണ്ട്. വൈദ്യുതി തടസം കാരണം ഇക്കാര്യം ബംഗ്ലദേശിനെ അറിയിക്കുന്നതിൽ താൽക്കാലിക തടസം നേരിട്ടെങ്കിലും മറ്റ് അടിയന്തര മാർഗങ്ങളിലൂടെ കഴിയുന്നതും വേഗം വിവരം കൈമാറിയെന്നും മന്ത്രാലയം അറിയിച്ചു.

Top