ജുബ: കനത്ത മഴയെ തുടർന്ന് ദക്ഷിണ സുഡാനിൽ അനുഭവപ്പെട്ടത് ദശാബ്ദങ്ങളിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം. 1.3 ദശലക്ഷത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പട്ടിണി ജനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണ സുഡാൻ. ഇപ്പോൾ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിന് കൂടിയാണ് ദക്ഷിണ സുഡാൻ സാക്ഷ്യം വഹിച്ചത്.
ഇതേ തുടർന്ന് ഏകദേശം 3,27,000 ആളുകളെ മാറ്റിപാർപ്പിച്ചതായും, ജോംഗ്ലെയ്, നോർത്തേൺ ബഹർ എൽ ഗസൽ, അപ്പർ നൈൽ സംസ്ഥാനങ്ങളിൽ 230,000 പേരെ വെള്ളപ്പൊക്കം ബാധിച്ചതായും ഐക്യരാഷ്ട്രസഭയുടെ മാനുഷിക ഏജൻസി അറിയിച്ചു.
യു.എൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ദക്ഷിണ സുഡാൻ തലസ്ഥാനമായ ജുബയിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 15 പ്രധാന വിതരണ റൂട്ടുകളിൽ ബുദ്ധിമുട്ട് നേരിട്ടതായി റിപ്പോർട്ട് പറയുന്നു. നിരവധി ഗ്രാമങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും, പ്രധാന റോഡുകളും വെള്ളത്തിനടിയിലായി.