ഇടുക്കിയില്‍ കൊഞ്ച് കറി കഴിച്ച് അലര്‍ജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചെമ്മീന്‍കറി കഴിച്ചതിനെ തുടര്‍ന്ന് നികിതയ്ക്ക് അലര്‍ജിയുണ്ടായി കഴുത്തില്‍ നീര് വയ്ക്കുകയായിരുന്നു. ചിലര്‍ക്ക് കൊഞ്ച് അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണമാണ്. കൊഞ്ചില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീന്റെ സാന്നിധ്യത്തോട് ശരീരം അമിതമായി പ്രതികരിക്കും. പ്രതിരോധത്തില്‍ ഇത് ആന്റിബോഡികള്‍, ഹിസ്റ്റാമൈനുകള്‍, ചെമ്മീന്‍ അലര്‍ജി ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. മനുഷ്യര്‍ ഭക്ഷണമാക്കുന്ന ചില സമുദ്രജീവികളിലെ പ്രോട്ടീനുകളോടുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ അസാധാരണമായ പ്രതികരണമാണ് ഷെല്‍ഫിഷ് അലര്‍ജി.
ഭക്ഷണം കഴിച്ച ഉടനെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടേക്കണമെന്നില്ല. ചിലപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലോ ദഹനം നടന്ന് കഴിഞ്ഞ ശേഷമോ ആകാം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. മുട്ട, പാല്‍, മാംസം, ചെമ്മീന്‍, കക്കഇറച്ചി, കൊഞ്ച്. ചിലതരം മീനുകള്‍, നിലക്കടല. ഗോതമ്പ് എന്നിവയാണ് സാധാരണയായി ആളുകളില്‍ അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്, സാധാരണയായി പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് അലര്‍ജിക്ക് കാരണമാകുന്നത്. ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികള്‍ ഉണ്ടാക്കുകയും ഇവ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹിസ്റ്റമിന്‍ എന്ന രാസവസ്തു ആണ് അലര്‍ജിക്ക് കാരണമാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കുക, ഛര്‍ദി, വയറിളക്കം, വയറുവേദന, കണ്ണിലെ വീക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ല. എന്നാല്‍ ചിലര്‍ക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ കണ്ടേക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.