തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. 27 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്.
ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അതേസമയം വയറിളക്കവും ചർദ്ദിയും അനുഭവപ്പെട്ടവരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. 178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഹോട്ടലിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിച്ചവർക്കും പാർസൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇരിങ്ങാലക്കുടയിലെയും കൊടുങ്ങല്ലൂരിലെയും ആശുപത്രികളിൽ ആളുകൾ ചികിത്സ തേടുകയായിരുന്നു. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.