ഡിഎല്‍എഫ് ഫ്ളാറ്റിലെ ഭക്ഷ്യവിഷബാധ: 500ല്‍ അധികം പേര്‍ ആശുപത്രിയില്‍

ഡിഎല്‍എഫ് ഫ്ളാറ്റിലെ ഭക്ഷ്യവിഷബാധ: 500ല്‍ അധികം പേര്‍ ആശുപത്രിയില്‍

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ താമസക്കാരില്‍ 500ല്‍ അധികം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തില്‍ ഫ്ളാറ്റ് അസോസിയേഷനെതിരെ താമസക്കാരന്‍. വെള്ളത്തില്‍ ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നിട്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് താമസക്കാരന്‍ അഡ്വ. ഹരീഷ് പ്രതികരിച്ചു. മെയ് മാസത്തില്‍ കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇകോളി ബാക്ടീരിയ സ്ഥിരീകരിച്ചതെന്നും ഹരീഷ് വ്യക്തമാക്കി.

കാക്കനാട് ഡിഎല്‍എഫ് ഫ്ളാച്ച് സമുച്ചയത്തിലാണ് താമസക്കാര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണ് കാരണം. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കുള്‍പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

വെള്ളത്തില്‍ പ്രശ്നമുണ്ടായിരുന്നുവെന്ന് ഡിഎല്‍എഫ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരാഹികള്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ രൂക്ഷമാകില്ലെന്ന് കരുതുന്നു. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ തുടരും. രോഗബാധയുടെ കാരണം എന്തുമാകാം. എന്തെന്ന് വ്യക്തമല്ല. ആശങ്കപ്പെടേണ്ടതില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് കാരണം എന്ന് പറയാന്‍ സാധിക്കൂ എന്നും ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

Top