കല്‍പ്പറ്റ: വയനാട് ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഇതുവരെ ചികിത്സ തേടിയത് 193 കുട്ടികള്‍. ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. 73 കുട്ടികള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ആര്‍ക്കും ഇതുവരെ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു.
ജില്ലാ കളക്ടര്‍ രാവിലെ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ നടപടികളെ കുറിച്ച് ഇടക്കാല റിപ്പോര്‍ട്ട് കളക്ടര്‍ ഇന്ന് സമര്‍പ്പിക്കും. സ്‌കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. സാംപിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.