കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ഉപ്പ് കണ്ടെത്തി. സംഭവത്തിൽ വിതരണക്കാർക്കും ഉൽപാദകർക്കും പിഴയിട്ടു. ഗുണനിലവാരമില്ലാത്ത ടാറ്റാ അയഡൈസ്ഡ് ക്രിസ്റ്റൽ സോൾട്ട് എന്ന ഉൽപന്നം വിറ്റതിന് ഉൽപാദകരായ തൂത്തുക്കൂടി ശ്രീമീനാക്ഷി സോൾട്ട് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 1.2 ലക്ഷം രൂപയും മാർക്കറ്റിങ് നടത്തിയ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന് ഒരുലക്ഷം രൂപയുമാണ് കോട്ടയം സബ് ഡിവിഷനൽ മജിസ്ട്രേറ്റും അഡ് ജൂഡിക്കേറ്റിങ് ഓഫീസറുമായ ഡി. രഞ്ജിത്ത് പിഴ ചുമത്തിയത്.
മറ്റൊരുകേസിൽ ഗംഗ അയഡൈസ്ഡ് ക്രിസ്റ്റൽ സോൾട്ടിന്റെ ഉൽപാദനം, വിതരണം എന്നിവ നടത്തിയ തൂത്തുക്കുടി ബ്രില്ല്യന്റ് സോൾട്ട് റിഫൈനറി എന്ന സ്ഥാപനത്തിൽനിന്ന് 1,20,000 രൂപയും പിഴ ഈടാക്കാനും ഉത്തരവിട്ടു. ലേബൽ വിവരങ്ങൾ തെറ്റായി നൽകിയതായി കണ്ടെത്തിയ ഹെർഷേ സോയാമിൽക്കിന്റെ വിൽപന നടത്തിയതിന് ചങ്ങനാശേരി റിലയൻസ് റീറ്റെയിൽസിന് 25,000 രൂപയും ഉൽപാദകരായ ഹെർഷേ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 1,10,000 രൂപയും പിഴയും ഈടാക്കാൻ ഉത്തരവിട്ടു.
Also Read: ആർ.ബി.ഐയുടെ കസ്റ്റമർ കെയറിലേക്ക് ബോംബ് ഭീഷണി
ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിർദേശങ്ങൾ പാലിക്കാതെയും ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയ കോട്ടയം കുമാരനല്ലൂരിലെ തലശ്ശേരി റെസ്റ്റാറന്റിന് 96,000 രൂപയും പിഴചുമത്തി. ഇതിൽ ഭക്ഷ്യസുരക്ഷ ഓഫീസറുടെ നിർദേശം പാലിക്കാത്തതിനാൽ 60,000 രൂപയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് 25,000 രൂപയും കൃത്രിമ ഭക്ഷ്യനിറങ്ങൾ സൂക്ഷിച്ചതിന് 4500 രൂപയും പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ളം വെയിലേൽക്കും വിധം പുറത്ത് സൂക്ഷിച്ചതിന് 2000 രൂപയും
പരിശോധന സമയം ഹാജരുണ്ടായിരുന്ന ജീവനക്കാരന് 4500 രൂപയുമാണ് പിഴ ചുമത്തിയത്. എല്ലാ ഭക്ഷ്യവ്യവസായികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളിൽ ഉൽപന്നം, സംസ്കരണം, ഇറക്കുമതി, വിതരണം, വിൽപന എന്നിവയുടെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസി.കമീഷണർ എ.എ. അനസ് അറിയിച്ചു.