സൗന്ദര്യ സംരക്ഷണത്തിന്, നിയാസിനമൈഡ് സിറം

സൗന്ദര്യ സംരക്ഷണത്തിന്, നിയാസിനമൈഡ് സിറം
സൗന്ദര്യ സംരക്ഷണത്തിന്, നിയാസിനമൈഡ് സിറം

സൗന്ദര്യ സംരക്ഷണ രംഗത്ത് ഇന്ന് ട്രെന്‍ഡിങ്ങില്‍ ഉള്ളവയാണ് ഫേസ് സിറങ്ങള്‍. അതുകൊണ്ടുതന്നെ വ്യത്യസ്ത ബ്രാന്‍ഡുകളുടെ പലതരം ഫേസ് സിറങ്ങള്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് നിയാസിനമൈഡ് സിറം. മുഖക്കുരു അകറ്റാന്‍ സഹായിക്കുന്ന സിറം, പിഗ്മന്റേഷന്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന സിറം, ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കുന്ന സിറം, എക്‌സ്‌ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്ന സിറം, നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിറം, ആന്റി ഏജിങ് സിറം എന്നിങ്ങനെ പല തരം ഫേസ് സിറങ്ങള്‍ ഉണ്ട്. വൈറ്റമിന്‍ സി, ഹൈലുറോണിക് ആസിഡ്, സാലിസിലിക് ആസിഡ്, റെറ്റിനോള്‍, നിയാസിനമൈഡ്, കോജിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ് എന്നിവയൊക്കെ ഇവയില്‍ ചിലതാണ്. നിങ്ങളുടെ ചര്‍മ്മത്തിന് യോജിച്ച സിറം തന്നെ തിരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ മികച്ച ഗുണങ്ങള്‍ ലഭിക്കും. നിയാസിനമൈഡ് സിറം ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന് എന്തെല്ലാം മെച്ചങ്ങളാണ് ലഭിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം.


സൗന്ദര്യ സംരക്ഷണത്തിന് ഏറെ ആളുകള്‍ വിശ്വാസമര്‍പ്പിച്ച ഒന്നാണ് നിയാസിനമൈഡ്. ഇന്ന് മിക്ക സൗന്ദര്യ വര്‍ധക ഉല്പന്നങ്ങളിലും അടങ്ങിയിട്ടുള്ള ഒരു പ്രധാന ഘടകം കൂടിയാണിത്. എല്ലാ തരം ചര്‍മ്മത്തിനും ഏതെങ്കിലും രീതിയില്‍ ഈ ചേരുവ ഗുണം നല്‍കുന്നുണ്ട് എന്നത് തന്നെയാണ് നിയാസിനമൈഡ് സിറം ഇത്രമാത്രം ജനപ്രീതി നേടാന്‍ കാരണമായത്. ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍ അകറ്റാനും, ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചര്‍മ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനുമൊക്കെ സഹായിക്കുന്ന ഒന്നാണ് നിയാസിനമൈഡ്. ചര്‍മ്മം സുന്ദരമാക്കുന്നതിനൊപ്പം ചര്‍മ്മത്തിലെ പ്രായാധിക്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും, മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കാനും ഒപ്പം മുഖക്കുരു വരാതെ നോക്കാനുമെല്ലാം ഇത് ഗുണം ചെയ്യും. ചര്‍മ്മത്തില്‍ സുഷിരങ്ങള്‍ ഉണ്ടെങ്കില്‍ അവയെ ഇല്ലാതാക്കാനായും നിയാസിനമൈഡ് മികച്ചതാണ്. എണ്ണമയം കൂടുതലുള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ അത് കുറയ്ക്കാന്‍ നിയാസിനമൈഡ് സഹായിക്കും, ഇനി നിങ്ങളുടേത് വരണ്ട ചര്‍മ്മം ആണെങ്കില്‍ ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും ഈ ചേരുവ സഹായിക്കും. നിയാസിനമൈഡ് അളവ് ശ്രദ്ധിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഓരോ ഉല്പന്നങ്ങളിലും ഇതിന്റെ അളവില്‍ വ്യത്യാസം ഉണ്ടാകും, എന്നിരുന്നാലും 5% അല്ലെങ്കില്‍ അതില്‍ കുറവോ ആയിരിക്കും മിക്ക ഉല്പന്നങ്ങളിലെയും അളവ്.

ഹൈപ്പര്‍പിഗ്മെന്റേഷന്‍, സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തുടങ്ങിയവയൊക്കെ പരിഹരിക്കാന്‍ 5% നിയാസിനമൈഡ് ഫോര്‍മുലേഷന്‍ ആണ് പൊതുവെ ശുപാര്‍ശ ചെയ്യപ്പെടുന്നത്. സെന്‍സിറ്റീവ് ചര്‍മ്മം ആണെങ്കില്‍ അഞ്ച് ശതമാനത്തിലും താഴെയുള്ള നിയാസിനമൈഡ് ഫോര്‍മുലേഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഏത് തരം ചര്‍മ്മത്തിലും ഏത് പ്രായമുള്ളവര്‍ക്കും നിയാസിനമൈഡ് ഉപയോഗിക്കാം. രാവിലെയോ രാത്രിയോ പുരട്ടാവുന്ന ഒന്നാണ് നിയാസിനമൈഡ്. ചര്‍മ്മം വൃത്തിയാക്കിയതിന് ശേഷം ഒരു ടോണര്‍ ഉപയോഗിക്കുക, അതിന് ശേഷം നിയാസിനമൈഡ് സിറം രണ്ടോ മൂന്നോ തുള്ളി എടുത്ത് മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. അതിന് ശേഷം ഒരു മോയിസ്ചറൈസര്‍ കൂടി പുരട്ടുക. രാവിലെ ആണെങ്കില്‍ സണ്‍സ്‌ക്രീന്‍ പുരട്ടാനും മറക്കരുത്. നിയാസിനമൈഡ് തിരഞ്ഞെടുക്കുമ്പോള്‍ അതിനോടൊപ്പമുള്ള ചേരുവകള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്. ഹൈലുറോണിക് ആസിഡുമായി ചേര്‍ന്നുവരുന്ന നിയാസിനമൈഡ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല. അതേസമയം ചില നിയാസിനമൈഡ് സിറം തയ്യാറാക്കിയിരിക്കുന്നത് സിങ്ക് കൂടെ ഉള്‍പ്പെടുത്തിയാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ നിയാസിനമൈഡ് + സിങ്ക് കോമ്പിനേഷന്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. അതുകൊണ്ട് സിറം തിരഞ്ഞെടുക്കുമ്പോള്‍ അതിനൊപ്പം ഉള്ള മറ്റ് ചേരുവകളും കൂടി നോക്കിയെടുക്കേണ്ടത് പ്രധാനമാണ്.

Top