അപകടകരമായ ഡ്രൈവിങിന് ; പിടിക്കപ്പെടുന്ന വാഹനങ്ങൾ നശിപ്പിക്കും !

അപകടകരമായ ഡ്രൈവിങിന് ; പിടിക്കപ്പെടുന്ന വാഹനങ്ങൾ നശിപ്പിക്കും !
അപകടകരമായ ഡ്രൈവിങിന് ; പിടിക്കപ്പെടുന്ന വാഹനങ്ങൾ നശിപ്പിക്കും !

കുവൈറ്റ് സിറ്റി: അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്ന കേസുകളിൽ പിടിയിലാവുന്ന വാഹനങ്ങൾ തകർത്ത് പൊടിയാക്കിമാറ്റും എന്നതാണ് കുവൈറ്റിലെ നിലവിലെ നിയമം. എന്നാൽ പിടിക്കപ്പെടുന്നത് വളരെ വില കൂടിയ ആഢംബര കാറുകളാണെങ്കിൽ അവ പൊടിക്കില്ല. മാറിച്ച് അവ ലേലത്തിൽ വിൽപ്പന നടത്തും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുവൈറ്റ് പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ചാണിത്. കുവൈറ്റിൽ അപകടകരമായ ഡ്രൈവിംഗിനെതിരേ ശക്തമായ സന്ദേശം നൽകുന്നതോടൊപ്പം വിലപിടിപ്പുള്ള കാറുകൾ നശിപ്പിക്കുന്നതിനു പകരം അതിൽ നിന്നുള്ള വരുമാനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ പുതിയ തീരുമാനത്തിന് പിന്നിൽ.

40,000 കുവൈറ്റ് ദിനാറും (ഏകദേശം 130,000 ഡോളർ) ഇനി അതിനു മുകളിലും വിലയുള്ള ആഢംബര വാഹനങ്ങളാണ് അശ്രദ്ധമായ ഡ്രൈവിംഗിന്റെ പേരിൽ പിടിക്കപ്പെടുന്നതെങ്കിൽ, അവ തകർക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രി ശെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് പറഞ്ഞു. പകരം അവ കുവൈറ്റിൽ ലേലം ചെയ്ത് വിൽപ്പന നടത്തും. എന്നാൽ സാധാരണ വാഹനങ്ങളും 40,000 ദിനാറിൽ കുറഞ്ഞ വിലയുള്ള ആഢംബര കാറുകളും നിലവിലുള്ള നിയമപ്രകാരം തകർത്ത് പൊടിയാക്കി മാറ്റുന്ന നിലവിലെ ശിക്ഷാ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മെയ് മാസത്തിലാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അശ്രദ്ധമായി ഡ്രൈവർമാരിൽ നിന്ന് കണ്ടുകെട്ടിയ കാറുകൾ തകർക്കുന്നതിനുള്ള ഒരു കാമ്പെയ്ൻ ആരംഭിച്ചത്. അതേസമയം അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരായ ശക്തമായ താക്കീത് എന്ന രീതിയിൽ നടപ്പിലാക്കിയ ഈ നടപടിക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇത്തരം നിയമ ലംഘനങ്ങളുടെ പേരിൽ പിടികൂടപ്പെടുന്ന വാഹനങ്ങൾ കംപ്രസ്സ് ചെയ്യുന്നതും അതിനു ശേഷം കഷണങ്ങളാക്കി പൊടുക്കുന്നതും ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.

എന്നാൽ ആഢംബര കാറുകൾ ലേലത്തിൽ വിൽപ്പന നടത്താനുള്ള തീരുമാനം അതിന്റെ യഥാർഥ ഉടമയ്ക്ക് താൻ ചെയ്ത നിയമലംഘനത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാൻ സഹായിക്കുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. കൂടാതെ ഇത് മറ്റുള്ളവരെ ഇത്തരം അപകടരമായ രീതിയിൽ വാഹനം ഓടിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാര്യമായി മാറും. ഇത് രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തീരുമാനമാണെന്നാണ് കരുതപ്പെടുന്നത്. നിരന്തരം ട്രാഫിക് നിയമലംഘനങ്ങൾ വർധിച്ചുവരുന്ന കുവൈറ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

Top