CMDRF

വെറുതെയല്ല ഒരു ഭാര്യയെന്നു പറയുന്ന ദിവ്യ എസ് അയ്യർക്ക്, ‘വെറുതെയല്ല രാജ്യത്തെ നിയമമെന്നതും’ അറിയില്ലേ ?

വെറുതെയല്ല ഒരു ഭാര്യയെന്നു പറയുന്ന ദിവ്യ എസ് അയ്യർക്ക്, ‘വെറുതെയല്ല രാജ്യത്തെ നിയമമെന്നതും’ അറിയില്ലേ ?
വെറുതെയല്ല ഒരു ഭാര്യയെന്നു പറയുന്ന ദിവ്യ എസ് അയ്യർക്ക്, ‘വെറുതെയല്ല രാജ്യത്തെ നിയമമെന്നതും’ അറിയില്ലേ ?

വെറുതെ ഒരു ഭാര്യയല്ല എന്നു പറയുന്ന ദിവ്യ എസ് അയ്യർ, വെറുതെ ഒരു നിയമമല്ല ഈ നാട്ടിൽ ഉള്ളത് എന്നതും ഓർക്കുന്നത് നല്ലതാണ്. തിരുവനന്തപുരം വർക്കലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ ഉത്തരവിട്ട ദിവ്യ എസ്. അയ്യരെ ഭരണകൂടം സംരക്ഷിച്ചത് കൊണ്ടു മാത്രമാണ് ഒരു നടപടിയും അവർക്കെതിരെ സ്വീകരിക്കാതിരുന്നത്. അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ഇക്കാര്യം വ്യക്തവുമാണ്. ഈ സംഭവത്തിനു ശേഷമാണ് സർക്കാരിനെതിരെ നിരന്തരം ആഞ്ഞടിച്ചിരുന്ന ദിവ്യ എസ് അയ്യരുടെ ഭർത്താവും കോൺഗ്രസ്സ് നേതാവുമായ ശബരിനാഥൻ നിശബ്ദനായി പോയിരുന്നത്. ഇതിനു ശേഷം സർക്കാർ ഉന്നതരെ പ്രീതിപ്പെടുത്താനും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമായും അടുപ്പം സൂക്ഷിക്കാനും പ്രത്യേക താൽപ്പര്യം തന്നെ ഈ ഐ.എ.എസ് ഓഫീസർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെയെല്ലാം ഭാഗമായാണ് ഇത്രയും ഗുരുതരമായ കണ്ടെത്തൽ ദിവ്യ എസ് അയ്യർക്ക് എതിരെ ഉണ്ടായിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്നു വേണം കരുതാൻ.

സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന്റെ പേരിലാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പിണറായി സർക്കാർ സസ്‌പെന്റ് ചെയ്തിരുന്നത്. കുറ്റാന്വേഷണ മികവിനൊപ്പം രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി ആവിഷ്‌ക്കരിച്ച പി. വിജയനെ മാധ്യമ പ്രവർത്തകനോട് സംസാരിച്ചു എന്നതിൻ്റെ പേരിലാണ് സസ്‌പെന്റ് ചെയ്തത്. ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും പോലീസ് മേധാവിയുടെയും അനുമതിയോടെ വിദേശയാത്ര നടത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. അജിത്കുമാറിനെ സർക്കാർ അനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി താക്കീത് ചെയ്തിരിക്കുന്നത്. ഇങ്ങനെ ചൂണ്ടിക്കാട്ടാൻ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉള്ളപ്പോഴാണ് ഗുരുതരമായ തെറ്റു ചെയ്ത ദിവ്യ എസ് അയ്യരെ സർക്കാർ സംരക്ഷിച്ചിരിക്കുന്നത്. അതെന്തായാലും പറയാതെ വയ്യ.

ദിവ്യ എസ്. അയ്യർ തിരുവനന്തപുരം സബ് കളക്ടറായിരിക്കെയാണ് 2018ൽ വർക്കല അയിരൂർ വില്ലേജ് റോഡിൽ പുറമ്പോക്കാണെന്നു കണ്ടെത്തി തഹസിൽദാർ ഏറ്റെടുത്ത ഒരു കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ ഉത്തരവിട്ടിരുന്നത്. അയിരൂർ പോലീസ് സ്‌റ്റേഷൻ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ച സ്ഥലമാണ് സബ്കളക്ടർ പതിച്ചു നൽകിയിരുന്നത്. അന്നത്തെ വർക്കല എം.എൽ.എ എസ്. ജോയിയാണ് ഭൂമി പതിച്ചു നൽകിയതിൽ പരാതിയുമായി രംഗത്തെത്തിയതെന്നതും ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. ജോയി ഇപ്പോൾ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്.

ദിവ്യയ്ക്ക് എതിരായ പരാതിയെ തുടർന്ന് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കോൺഗ്രസ് നേതാവിന്റെ ബന്ധുവിനാണ് ഭൂമി കൈമാറിയതെന്നും ദിവ്യ എസ് അയ്യരുടെ ഭർത്താവ് ശബരിനാഥന്റെ താൽപര്യപ്രകാരമാണ് ഭാര്യയായ സബ് കളക്ടറുടെ നടപടിയെന്നുമായിരുന്നു പ്രധാന ആരോപണം.

തഹസിൽദാർ സ്വകാര്യ വ്യക്തി കൈവശംവെച്ചിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി തിരിച്ചു പിടിച്ചപ്പോൾ സ്വകാര്യ വ്യക്തി തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. തുടർന്ന് സബ് കളക്ടറോട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് ദിവ്യ എസ് അയ്യർ തഹസിൽദാരുടെ നടപടിക്രമങ്ങൾപോലും കൃത്യമായി പരിശോധിക്കാതെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ ഉത്തരവിട്ടത്.

അന്നത്തെ തിരുവനന്തപുരം കളക്ടർ വാസുകിയുടെ അന്വേഷണത്തിലും സബ് കളക്ടർ ദിവ്യ എസ് അയ്യരുടെ നടപടിയിൽ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദിവ്യ എസ് അയ്യരെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്യുന്നതിന് പകരം നടപടി വെറും സ്ഥലമാറ്റത്തിൽ ഒതുക്കുകയാണ് ഉണ്ടായത്. അതേസമയം തന്നെ സ്വകാര്യ വ്യക്തിക്ക് സർക്കാർ ഭൂമി പതിച്ചു നൽകാൻ ദിവ്യ എസ്. അയ്യർ ഇറക്കിയ ഉത്തരവ് സർക്കാർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ ഉത്തരവിടുകയും അതുവഴി സ്വകാര്യ വ്യക്തിക്ക് വൻ ലാഭമുണ്ടാക്കാനുള്ള തീരുമാനമെടുത്തതും തികഞ്ഞ അധികാര ദുർവിനിയോഗവും അഴിമതിയും കണക്കാക്കി ദിവ്യ എസ് അയ്യർക്കെതിരെ സസ്പെൻഷൻ മാത്രമല്ല അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും വകുപ്പുണ്ടായിരുന്നു. എന്നാൽ അതൊന്നും തന്നെ ഇവിടെ സംഭവിച്ചിട്ടില്ല. ഇവിടെയാണ് സർക്കാറിൻ്റെ ഇരട്ടത്താപ്പും വ്യക്തമാകുന്നത്.

ദിവ്യ എസ് അയ്യർ ഒരിക്കലും ഒരു ഐ.എ.എസ് ഓഫീസർ ചെയ്തു കൂടാത്ത നിരവധി പ്രവർത്തികൾ ചെയ്യുന്നുണ്ട്. അതെല്ലാം തന്നെ അവരുടെ വ്യക്തിപരമായ നേട്ടത്തിനും താൽപ്പര്യത്തിനും വേണ്ടി മാത്രമാണ്. ഏറ്റവും ഒടുവിൽ മന്ത്രി കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനു പിന്നിലും അവരുടെ സങ്കുചിത താൽപര്യം വ്യക്തമാണ്. ഇടതുപക്ഷത്തോടോ മുഖ്യമന്ത്രി പിണറായി വിജയനോടേോ കെ രാധാകൃഷ്ണനോടോ ആരാധനയോ താൽപ്പര്യമോ ഉണ്ടായതു കൊണ്ടല്ല അവർ ഇത്തരത്തിൽ പെരുമാറുന്നതെന്നത് സി.പി.എം നേതാക്കൾ തിരിച്ചറിയണം. നാളെ കേരളത്തിൽ വേറെ ആര് മുഖ്യമന്ത്രി ആയാലും ദിവ്യ എസ് അയ്യർ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുക. കാരണം അവർക്കെതിരായ റിപ്പോർട്ട് അടങ്ങിയ ഫയലിന് ഭരണമാറ്റം സംഭവിച്ചാലും ജീവൻ വയ്ക്കരുത് എന്നത് അവരുടെ നിലനിൽപ്പിൻ്റെ കൂടി ആവശ്യമാണ്. മെച്ചപ്പെട്ട പദവിയും സ്വാഭാവികമായും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ദിവ്യയെ സ്ഥലം മാറ്റിയ ഇടതു സർക്കാർ തന്നെയാണ് പിന്നീട് അവരെ പത്തനംതിട്ട കളക്ടർ ആക്കിയിരുന്നത്. കളക്ടർ ആയിരിക്കെ ദിവ്യ കാട്ടികൂട്ടിയ പ്രവർത്തിയിൽ വകുപ്പ് മന്ത്രിയ്ക്ക് തന്നെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. പത്തനംതിട്ടയിൽ നിന്നും ഏറെ വളർന്ന ദിവ്യയെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ തലപ്പത്താണ് സർക്കാർ പ്രതിഷ്ഠിച്ചിരിക്കുന്നത്. സീനിയർ ഐ.എ.എസ് ഓഫീസർമാർ ഇരിക്കേണ്ട പോസ്റ്റാണ് ഇതെന്നതും നാം മനസ്സിലാക്കണം.

ചുരുക്കി പറഞ്ഞാൽ ഏത് സർക്കാർ ഭരിച്ചാലും ദിവ്യയ്ക്ക് ഉന്നത പോസ്റ്റ് ഉറപ്പാണെന്നതാണ് നിലവിലെ സ്ഥിതി. ഭർത്താവ് കോൺഗ്രസ്സ് നേതാവ് ആയതിനാൽ എന്തായാലും കോൺഗ്രസ്സ് ഭരണത്തിൽ ദിവ്യയ്ക്ക് വലിയ പദവി ഉറപ്പാണ്. സിനിയോറിറ്റി മറികടന്ന് നിയമനം നടന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. ഇതെല്ലാം കണക്ക് കൂട്ടി മുന്നോട്ട് പോകുന്ന ഐ.എ.എസുകാരിക്ക് വിഴിഞ്ഞത്തെ വിവാദ പ്രസംഗത്തിലാണ് അടിപതറിയിരിക്കുന്നത്. ഇതു മൂലം കോൺഗ്രസ്സിലും ദിവ്യയ്ക്ക് എതിരെ ഇപ്പോൾ പ്രതിഷേധം ശക്തമാണ്. വെറുതെ ഒരു ഭാര്യ അല്ല എന്നു പറഞ്ഞ് വിമർശനങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുന്ന ദിവ്യ എസ് അയ്യർ വെറുതെ ഒരു നിയമവും ചട്ടവും, ദിവ്യയ്ക്കായി ഈ രാജ്യം ഉണ്ടാക്കിയിട്ടില്ലന്നതും മനസ്സിലാക്കുന്നത് നല്ലതാണ്.

EXPRESS VIEW

Top