അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം

അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം
അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്രം

ഡൽഹി: അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവങ്ങളുമായി പോകുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ്‌ ഇതിലുള്ളത്. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണനനൽകാൻ എയർ ട്രാഫിക് കൺട്രോളിനോട് വിമാനക്കമ്പനികൾക്ക് അഭ്യർഥിക്കാം. മുൻനിര സീറ്റുകളും നൽകാം.

മെഡിക്കൽ ഉദ്യോഗസ്ഥർക്ക് വൈകി ചെക്ക്-ഇൻ ചെയ്യാം. ലക്ഷ്യസ്ഥാനത്തുള്ള വിമാനത്താവളത്തെ വിവരമറിയിക്കണം. വിമാനത്തിൽ അവയവമുണ്ടെന്ന് ഫ്ളൈറ്റ് ക്യാപ്റ്റന് അറിയിപ്പും നൽകാം. അവയവം കൊണ്ടുപോകാൻ മെഡിക്കൽ ഉദ്യോഗസ്ഥരെ സഹായിക്കാൻ ട്രോളികൾ എയർലൈൻ ക്രൂ ക്രമീകരിക്കണം.ആംബുലൻസിന് റൺവേവരെ പോകാം. വിമാനത്താവള ഉദ്യോഗസ്ഥർ സൗകര്യം ഒരുക്കണം. അവയവം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ലാത്ത ഹരിത ഇടനാഴി രൂപപ്പെടുത്താനും മേൽനോട്ടം വഹിക്കാൻ ഒരു പോലീസ് ഓഫീസറെ നോഡൽ ഓഫീസറായി നിയമിക്കാനും നിർദേശമുണ്ട്. ഹരിത ഇടനാഴി നിർണയിക്കുമ്പോൾ അധികാരപരിധി, സുരക്ഷാ ആശങ്കകൾ, അവയവദാനത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ട്രാഫിക് പോലീസിനെ ബോധവത്കരിക്കണം.

മെട്രോയിലൂടെ അവയവം കൈമാറുമ്പോൾ മെട്രോ ട്രാഫിക് കൺട്രോൾ ഇതിന് മുൻഗണന നൽകണം. സുരക്ഷാ പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ഇതുസംബന്ധിച്ച് നേരത്തേ അറിയിക്കണം. അവയവപ്പെട്ടി ശരിയായ സ്ഥാനത്തും കൃത്യതയിലും സൂക്ഷിക്കണം. ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യുക’ എന്ന ലേബലുമൊട്ടിക്കണം. സീറ്റ് ബെൽറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കണം. റോഡ്, തീവണ്ടികൾ, കപ്പലുകൾ വഴിയുള്ള കൈമാറ്റത്തിനും മാർഗനിർദേശമുണ്ട്. നിതി ആയോഗ്, വിവിധ മന്ത്രാലയങ്ങൾ, ഈ രംഗത്തെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് മാർഗനിർദേശം വികസിപ്പിച്ചതെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ (നോട്ടോ) ഡയറക്ടർ ഡോ. അനിൽ കുമാർ പറഞ്ഞു.

Top