കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ ദുരിതത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചതായി പരാതി ഉയര്‍ന്നു. ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.
‘ഞാന്‍ ഇഎംഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.’ പരാതിക്കാരന്‍ പ്രതികരിച്ചു.
ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട മാനസികമായി തകര്‍ന്നിരിക്കുന്നയാളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെട്ടത്. മുത്തൂറ്റ്, ബജാബ് അടക്കമുള്ള സ്ഥാപനങ്ങളാണ് ഇഎംഐ തുക ആവശ്യപ്പെട്ട്, ബന്ധപ്പെട്ടതെന്നാണ് വിവരം. വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ഒഴുകി വന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചാലിയാറിലെ തിരച്ചില്‍ ഏഴാം ദിനവും തുടരുകയാണ്. ചാലിയാര്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ഇതുവരെ ചാലിയാറില്‍ നിന്ന് 75 മൃതദേഹങ്ങളും 158 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.
പോത്തുകല്‍ പഞ്ചായത്തിലെ ഇരുട്ടുകുത്തി മുതല്‍ ചാലിയാര്‍ കടന്നു പോകുന്ന തീരങ്ങളിലെല്ലാം തിരച്ചില്‍ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഡ്രോണിന്റെ സഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ 5 യൂണിറ്റും 101 സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചാലിയാര്‍ തീരത്ത് സജീവമായി രംഗത്തുണ്ട്.