ഫോര്‍ഡ് ഇന്ത്യയില്‍ തിരിച്ചെത്തുമോ? കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഫാന്‍സ് ചോദിക്കുന്ന ഒരു ചോദ്യമാണിത്. കമ്പനി തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍, അത് ഏറ്റവും ആശ്വാസം നല്‍കുന്നത് ഫോര്‍ഡ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കാണ്. കാരണം ഫോര്‍ഡിന് ശക്തമായ ഒരു ആരാധകവൃന്ദം രാജ്യത്ത് ഉണ്ട്. പലരും ഇപ്പോഴും ഫോര്‍ഡ് കാറുകള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുന്നു. അമേരിക്കന്‍ കാര്‍ ഭീമന്‍ തീര്‍ച്ചയായും ഒരു ഇന്ത്യന്‍ തിരിച്ചുവരവിന് പദ്ധതിയിടുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള ഫോര്‍ഡിന്റെ പദ്ധതികളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
ഫോര്‍ഡ് സിഇഒ ജിം ഫാര്‍ലി ഫോര്‍ഡിന്റെ ഇന്ത്യയിലെ തിരിച്ചുവരവിനെക്കുറിച്ചുള്ള സാധ്യതാ റിപ്പോര്‍ട്ട് അവലോകനം ചെയ്യുകയാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍, കയറ്റുമതി, ചെന്നൈയിലെ മരമലൈനഗര്‍ ഫാക്ടറിയുടെ റീ-ടൂളിങ്ങ് എന്നിവയില്‍ ഫോഡിന്റെ ഇന്ത്യന്‍ തിരിച്ചുവരവ് പച്ചപിടിച്ചാല്‍, ഫോഡിന്റെ ഇന്ത്യന്‍ തിരിച്ചുവരവ് ഉറപ്പായും നടക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള സാധ്യതയും വിപണിയുടെ വളര്‍ച്ചാ സാധ്യതയും സംബന്ധിച്ച റിപ്പോര്‍ട്ട് ഫോര്‍ഡ് തയ്യാറാക്കിയതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി തിരിച്ചുവരവ് നടത്തുകയാണെങ്കില്‍, ഇത്തവണ ഫോര്‍ഡ് പുതിയ നിക്ഷേപങ്ങള്‍ നടത്തുകയും ഇലക്ട്രിക് കാറുകളും പരിസ്ഥിതി സൗഹൃദ കാറുകളും നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന് പുറമെ രാജ്യത്ത് നിന്ന് കാറുകളും കയറ്റുമതി ചെയ്യും.
ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ചും ഇവിടുത്തെ വിപണിയിലെ വളരുന്ന സാധ്യതകളെക്കുറിച്ചുമുള്ള ഒരു ആന്തരിക റിപ്പോര്‍ട്ടാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഇനി ഫോര്‍ഡിന്റെ ഗ്ലോബല്‍ ടീം പരിഗണിക്കും. ഇന്ത്യയിലേക്കുള്ള റീ എന്‍ട്രി അംഗീകരിക്കപ്പെട്ടാല്‍, ചെന്നൈ ഫാക്ടറിയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ഫോര്‍ഡിന് ഏകദേശം ഒരു വര്‍ഷമെടുത്തേക്കാം. പ്ലാന്റും മെഷിനറികളും വീണ്ടും കാറുകള്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമാക്കുന്നതിനൊപ്പം നിയമപരമായ വശത്തും ഒരുപാട് ജോലികള്‍ ചെയ്യേണ്ടതുണ്ട്.
എംജി മോട്ടോര്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഓഹരികള്‍ വാങ്ങിയിരിക്കുന്ന ഇന്ത്യന്‍ വ്യാവസായിക കമ്പനിയായ ജെഎസ്ഡബ്ല്യുവിന് ചെന്നൈ ഫാക്ടറി വില്‍ക്കുന്നതില്‍ നിന്ന് ഫോര്‍ഡ് ഇന്ത്യ പിന്മാറിയതോടെയാണ് കമ്പനിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ ശക്തമായത്. ഗുജറാത്തിലെ സാനന്ദിലുള്ള ഫോര്‍ഡിന്റെ മറ്റൊരു ഫാക്ടറി ടാറ്റ മോട്ടോഴ്സിന് നേരത്തെതന്നെ വിറ്റിരുന്നു.
ഇലക്ട്രിക് വാഹന ഫാക്ടറികള്‍ സ്ഥാപിക്കുന്ന വിദേശ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്ന ഇറക്കുമതി തീരുവ ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ ഫോര്‍ഡ് ചെന്നൈ ഫാക്ടറിയില്‍ ഗണ്യമായ തുക വീണ്ടും നിക്ഷേപിച്ചേക്കാന്‍ സാധ്യതയുണ്ട്. സ്‌കീം ഫോര്‍ മാനുഫാക്ചറിംഗ് ഇലക്ട്രിക് കാറുകള്‍ അല്ലെങ്കില്‍ എസ്എംഇസി എന്നാണ് പോളിസിയുടെ പേര്. 1990-കളുടെ മധ്യത്തില്‍ മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു ഫോര്‍ഡിന്റെ നേരത്തെയുള്ള ഇന്ത്യന്‍ പ്രവേശനം.