തിരുവനന്തപുരം: വനംമേധാവിയെ മാറ്റണമെന്ന ആവശ്യവുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. വകുപ്പിലെ ഏകോപനത്തിലും കാര്യക്ഷമമായ ഇടപടെലിലും പരാജയപ്പെട്ട ഗംഗാസിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. വകുപ്പ് മേധാവിയെ മാറ്റിയാൽ പകരം നിയമിക്കാൻ ആളില്ലാത്തതിനാൽ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദ്ദേശം നൽകാൻ വൈകുന്നു, പുതിയ പദ്ധതികൾ നൽകി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്നു. വകുപ്പിലാണെങ്കിൽ ഏകോപനമില്ല, പല വട്ടം വീഴ്ചകളിൽ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല.
വകുപ്പ്തല വീഴ്ചകള്‍ അക്കമിട്ട നിരത്തിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നൽകിയിരിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന ഇക്കോ-ടൂറിസം അതോററ്റിയിലെ, കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷനിലേക്കോ മാറ്റി നിയമിച്ച്, പകരം ആളെ കണ്ടെത്തണമെന്നായിരുന്നു ആവശ്യം.
പക്ഷേ പകരം നിയമിക്കാൻ പ്രിൻസിപ്പൽ ചീഫ കണ്‍സർവേറ്റർ തസ്തികയിലുള്ള ഉദ്യോഗസ്ഥരില്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിൻെറ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാർശ. പക്ഷെ കാലാവധിനീട്ടി നൽകുന്നതിനോട് മുഖ്യമന്ത്രി താൽപര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു. ഇനി പിസിസിഎഫായുള്ളത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദാണ്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും.
ഗംഗാസിംഗിനെ മാറ്റിയാൽ അതേ റാങ്കിൽ നിയമിക്കാൻ ഉദ്യോഗസ്ഥരില്ല. എപിസിസി റാങ്കിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കണമെങ്കിൽ ഒരു വർഷമെങ്കിലും കഴിയണം. അഡീഷണൽ പ്രിൻസിപ്പൽ കണ്‍സർവേറ്റർമാർക്ക് താൽക്കാലിക ചുമതല നൽകാൻ സർക്കാരിന് അധികാരമുണ്ട്. 7 എപിസിസിഎഫുമാരാണുള്ളത്. പക്ഷേ എപിസിസിഫുമാർക്കിടയിൽ പടലപിണക്കങ്ങളായതിനാൽ ഒരാളെ കണ്ടെത്തുക പ്രയാസമാണ്.