ടോക്സിക് സിനിമയ്‌ക്കെതിരെ വനംവകുപ്പ്

സിനിമയുടെ ചിത്രീകരണത്തിനായി നൂറു കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ആരോപണം

ടോക്സിക് സിനിമയ്‌ക്കെതിരെ വനംവകുപ്പ്
ടോക്സിക് സിനിമയ്‌ക്കെതിരെ വനംവകുപ്പ്

ടോക്സിക് സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളൂരു പീനിയയില്‍ എച്ച്.എം.ടി. യുടെ അധീനതയിലുള്ള വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയതിന് നടപടിയെടുക്കാനൊരുങ്ങി വനം വകുപ്പ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനംവകുപ്പിന്റെ റിസര്‍വ് വനമാണിതെന്നും 1960-ല്‍ നിയമ വിരുദ്ധമായി എച്ച്.എം.ടി.ക്ക് കൈമാറുകയായിരുന്നെന്നും ഈശ്വര്‍ ഖന്‍ഡ്രെ പറഞ്ഞു.

എച്ച്.എം.ടി. യുടെ അധീനതയിലുള്ള ഈ സ്ഥലം റിസര്‍വ് വനഭൂമിയാണെന്ന് പറഞ്ഞാണ് വനം വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. സിനിമാ ചിത്രീകരണത്തിനായി നൂറു കണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വര്‍ ഖന്‍ഡ്രെ പറഞ്ഞു.

ALSO READ: ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠ കൂടും :സായ് പല്ലവി

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കത്തിലാണ് യഷ് സിനിമാ സംഘം പെട്ടുപോയത്. എച്ച്.എം.ടി. പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രി എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുടലെടുത്തത്.

സ്വകാര്യ സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നും സിനിമാ നിര്‍മാതാക്കളായ കെ.വി.എന്‍. പ്രൊഡക്ഷന്‍ പ്രതികരിച്ചു . അതേസമയം, എച്ച്.എം.ടി.യുടെ ഭൂമിയില്‍ ഈശ്വര്‍ ഖന്‍ഡ്രെ അതിക്രമിച്ചു കടന്നതായും നിയമനടപടി സ്വീകരിക്കുമെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

Top