CMDRF

ഗ്രോ ആപ്പിന്റെ പേരിൽ വ്യാജൻ; കോഴിക്കോട് സ്വദേശിക്ക് 4.8 കോടി രൂപ നഷ്ടമായി

ഗ്രോ ആപ്പിന്റെ പേരിൽ വ്യാജൻ; കോഴിക്കോട് സ്വദേശിക്ക് 4.8 കോടി രൂപ നഷ്ടമായി
ഗ്രോ ആപ്പിന്റെ പേരിൽ വ്യാജൻ; കോഴിക്കോട് സ്വദേശിക്ക് 4.8 കോടി രൂപ നഷ്ടമായി

കോഴിക്കോട്: ‘ഗ്രോ’ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേന വാട്‌സാപ്പ് വഴി പറ്റിച്ച് കോഴിക്കോട് സ്വദേശിയായ സംരംഭകനിൽനിന്ന് 4.8 കോടി രൂപ തട്ടിയെടുത്തു. ട്രേഡിങ്, ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർ (എഫ്.ഐ.ഐ.), ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐ.പി.ഒ.) എന്നിവയിലൂടെ കൂടുതൽ നിക്ഷേപം നടത്തി വൻലാഭം നേടാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മേയ് മുതലാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെടാൻ തുടങ്ങിയത്. വാട്സാപ്പ് വഴി വന്ന ട്രേഡിങ് സംബന്ധിച്ച സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. സംരംഭകനായ വ്യക്തി ഇത് പിന്തുടരുകയും ഒരു ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ചെയ്‌തു. ഈ ഗ്രൂപ്പിൻ്റെ അഡ്‌മിൻ പാനലിലുള്ള ഒരാൾ സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കായി അസിസ്റ്റൻ്റിൻ്റെ നമ്പറും നൽകി. ഈ അസിസ്റ്റന്റ് അയച്ചുകൊടുത്ത ലിങ്കുവഴിയാണ് സംരംഭകൻ തൻ്റെ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തത്.

ജനപ്രീതിയിലുള്ള ട്രേഡിങ് മൊബൈൽ ആപ്ലിക്കേഷനാണ് ഗ്രോ. ഗ്രോയുടെ ലോഗോയടങ്ങുന്ന സമാനമായ വെബ്സൈറ്റ് ലിങ്കാണ് അസിസ്റ്റന്റ് ഇരയായ വ്യക്തിക്ക് അയച്ചുകൊടുത്തത്. ഇതിൻ്റെ ലോഗിനും പാസ് വേഡും അയച്ചുകൊടുത്തു. തുടർന്ന് വാട്‌സാപ്പ് വഴി ലഭിച്ച ടിപ്പുകൾ അദ്ദേഹം പിന്തുടരുകയും ചെയ്‌തു. വാട്‌സാപ്പ് വഴി നൽകിയ അക്കൗണ്ട് നമ്പറുകളിലേക്കാണ് പണം അയച്ചുകൊടുത്തത്. അതിന് അനുസരിച്ചുള്ള മാറ്റം ആപ്പിൽ പ്രതിഫലിക്കുകയും ചെയ്‌തു. അതുവഴി വന്ന ലാഭം കാണിച്ചുകൊടുക്കുകയും ചെയ്‌തു. അതിൽ കുറച്ചു തുക പിൻവലിക്കാനും സാധിച്ചു.

തുടർന്നാണ് മറ്റൊരു വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർത്ത് വലിയ തുക നിക്ഷേപിച്ചാൽ വലിയ ലാഭമുണ്ടാക്കാമെന്ന നിർദേശങ്ങൾ ലഭിക്കുന്നത്. പുതിയ ആപ്ലിക്കേഷൻ ലിങ്ക് കൊടുക്കുകയും ചെയ്തു‌. തുടർന്ന് ലഭിച്ച നിർദേശങ്ങൾ പിന്തുടർന്ന് പണം നിക്ഷേപിക്കുകയും ചെയ്‌തു. നികുതിയായും വലിയൊരു തുക അടച്ചു. ആപ്പിന്റെ വിശ്വാസ്യത വർധിപ്പിക്കാനുള്ള സന്ദേശങ്ങൾ വാട്സാപ്പ് വഴി വരികയും ചെയ്തിരുന്നു.

ഈ സന്ദേശങ്ങൾ കണ്ടതിൽ സംശയം തോന്നുകയും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടും കൂടിയാണ് പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന് 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക

ട്രേഡിങ് സംബന്ധമായ ഒട്ടേറെ കൂട്ടായ്‌മകൾ ഓൺലൈനിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ നിന്ന് സൗജന്യമായ ട്രേഡിങ് സംബന്ധിച്ച നിർദേശങ്ങൾ ലഭിച്ചേക്കാം. എന്നാൽ അത്തരം ആപ്പുകൾ വഴി ലഭിക്കുന്ന ലിങ്കുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് അപകടമാണ്.

അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത് എന്നും അംഗീകൃത പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ എന്നും അധികൃതർ ആവർത്തിച്ചു നൽകുന്ന നിർദേശമാണ്.

വിശ്വാസ യോഗ്യമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് തീർച്ചയായും ഗൂഗിൾ പ്ലേ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

അപരിചിതരും അജ്ഞാതരുമായ വ്യക്തികളുമായി ഓൺലൈനിൽ വൻതുക ഇടപാട് നടത്തുന്നത് ഒട്ടും സുരക്ഷിതമാവില്ല.

Top