ചെന്നൈ: കരസേന മുൻ മേധാവി ജനറൽ സുന്ദരരാജൻ പത്മനാഭൻ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ അഡയാറിലെ വസതിയിലായിരുന്നു മരണം. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സർവിസിൽനിന്ന് വിരമിച്ചതിനുശേഷം ചെന്നൈയിലായിരുന്നു താമസം. 2000 സെപ്റ്റംബർ 30 മുതൽ 2002 ഡിസംബർ 31 വരെ ഇന്ത്യയുടെ 20ാമത് കരസേന മേധാവിയായാണ് അദ്ദേഹം ചുമതല വഹിച്ചിരുന്നത്.
1940 ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഡറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർ.ഐ.എം.സി) ചേർന്നു. പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. ആർട്ടിലറി ബ്രിഗേഡിനെയും മൗണ്ടൻ ബ്രിഗേഡിനെയും നയിച്ചിട്ടുണ്ട്. 1959 ഡിസംബർ 13ന് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ) ബിരുദം നേടിയ ശേഷം ആർട്ടിലറി റെജിമെന്റിൽ ചേർന്നു.
1975 ആഗസ്റ്റ് മുതൽ 1976 ജൂലൈ വരെ ഇൻഡിപെൻഡന്റ് ലൈറ്റ് ബാറ്ററി കമാൻഡറായും 1977 സെപ്റ്റംബർ മുതൽ 1980 മാർച്ച് വരെ ഗസാല മൗണ്ടൻ റെജിമെന്റ് കമാൻഡറായും സേവനമനുഷ്ഠിച്ചു. 1983 ജനുവരി മുതൽ 1985 മേയ് വരെ മൗണ്ടൻ ഡിവിഷന്റെ കേണൽ ജനറൽ സ്റ്റാഫായി സേവനമനുഷ്ഠിച്ചു. ഇതിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
1993 ജൂലൈ മുതൽ 1995 ഫെബ്രുവരി വരെ കശ്മീരിലെ 15 കോർപ്സിന്റെ കമാൻഡറായിരുന്നു. ഇക്കാലയളവിലെ സേവനത്തിന് അതി വിശിഷ്ട സേവാ മെഡൽ ലഭിച്ചു.43 വർഷത്തിലേറെ നീണ്ട സൈനിക സേവനം പൂർത്തിയാക്കി 2002 ഡിസംബർ 31ന് വിരമിച്ചു. കരസേന വൃത്തങ്ങളിൽ ‘പാഡി’ എന്നാണ് സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ. തമിഴ്നാട് ഗവർണർ ആർ.എൻ. രവി ചെന്നൈയിലെ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു.