കോപ്പ അമേരിക്കയില്‍ ആദ്യ പോരാട്ടത്തിനൊരുങ്ങി മുന്‍ ചാംപ്യന്മാരായ ബ്രസീല്‍

കോപ്പ അമേരിക്കയില്‍ ആദ്യ പോരാട്ടത്തിനൊരുങ്ങി മുന്‍ ചാംപ്യന്മാരായ ബ്രസീല്‍

കലിഫോര്‍ണിയ : ഫിഫ റാങ്കിങ്ങിലെ സ്ഥാനക്കയറ്റത്തിന്റെ അകമ്പടിയോടെ കോപ്പ അമേരിക്കയില്‍ ആദ്യ പോരാട്ടത്തിനൊരുങ്ങി മുന്‍ ചാംപ്യന്മാരായ ബ്രസീല്‍. നാളെ രാവിലെ 6.30ന് കോസ്റ്ററിക്കയോടാണ് ആദ്യ മത്സരം. മാരക്കാന സ്റ്റേഡിയത്തില്‍ 2020 കോപ്പ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ നേടാനുറച്ചാണ് ബ്രസീലിന്റെ വരവ്. ഇതോടൊപ്പം 2022 ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന്റെ ക്ഷീണം മാറ്റാനും ബ്രസീലിനു കോപ്പ ചാംപ്യന്മാരായേ തീരൂ. പുതിയ കോച്ച് ഡോറിവല്‍ ജൂനിയറിന്റെ കീഴില്‍ ജൂനിയര്‍ താരങ്ങള്‍ അടങ്ങുന്ന ടീമിൽ സൂപ്പര്‍ താരം നെയ്മര്‍, മുതിര്‍ന്ന താരങ്ങളായ ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍, കാസെമിറോ, ഫോര്‍വേഡ് റിച്ചാലിസണ്‍ എന്നിവര്‍ ഇല്ല.

ഡിഫന്‍ഡര്‍ ഡനിലോയാണ് ക്യാപ്റ്റന്‍. പരിചയസമ്പത്തില്‍ മുന്നിലുള്ള മാര്‍ക്വിഞ്ഞോസിനാണ് പ്രതിരോധം നയിക്കേണ്ട ചുമതല. മുന്നേറ്റത്തില്‍ റയൽ മഡ്രിഡ് താരങ്ങളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും. കൗമാര താരം എന്‍ഡ്രിക്കിനും ആദ്യ ഇലവനില്‍ സാധ്യതയുണ്ട്.

ഡി ഗ്രൂപ്പില്‍ ഏറ്റവും ഫോമിലുള്ള ടീം കൊളംബിയയാണ്. 2022നു ശേഷം 23 മത്സരങ്ങളില്‍ കൊളംബിയ തോല്‍വിയറിഞ്ഞിട്ടില്ല. അതിനാല്‍ കോസ്റ്ററിക്കയുമായുള്ള ആദ്യ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞൊന്നും കോച്ച് ഡോറിവല്‍ ലക്ഷ്യമിടുന്നില്ല. 3 ലോകകപ്പുകള്‍ അടക്കം നൂറിലേറെ രാജ്യാന്തര മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള വെറ്ററന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിലാണ് കോസ്റ്ററിക്കയുടെ പ്രതീക്ഷ.

Top