പൂക്കോട് വെറ്ററിനറി കോളജ് മുൻ ഡീനിനെയും മുൻ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു

സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്നു ഇരുവരും

പൂക്കോട് വെറ്ററിനറി കോളജ് മുൻ ഡീനിനെയും മുൻ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു
പൂക്കോട് വെറ്ററിനറി കോളജ് മുൻ ഡീനിനെയും മുൻ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് മുൻ ഡീനിനെയും മുൻ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്നു ഇരുവരും. ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് തിരിച്ചെടുത്തത്. ഡീൻ എം കെ നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ കാന്തനാഥിനെയും ആണ് തിരിച്ചെടുത്തത്.

പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലേക്കാണ് ഇരുവർക്കും നിയമനം. ഇന്ന് യൂണിവേഴ്സിറ്റിയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിലിലാണ് തീരുമാനം ഉണ്ടായത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്ക നടപടികൾക്ക് മുതിരാതിരുന്നത്.

യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോക്ടർ കെ.എസ്. അനിൽ, ടി. സിദ്ദിഖ് എം.എൽ.എ., ഫാക്കൽറ്റി ഡീൻ കെ. വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി. ദിനേശ് എന്നിവർ മാനേജ്മെന്റ് കൗൺസിൽ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.

Top