ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും കഴിഞ്ഞ ദിവസമാണ് ഗെഹ്‌ലോട്ട് രാജിവെച്ചത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
കേന്ദ്ര ഏജന്‍സികളുടെ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും ബിജെപിയില്‍ ചേരാന്‍ കാരണമായിട്ടില്ലെന്നും, എംഎല്‍എയായും മന്ത്രിയായും ഡല്‍ഹിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, അണ്ണാ ഹസാരെയുടൈ കാലം മുതല്‍ ഞാന്‍ ആം ആദ്മിയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്നും ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം പാർട്ടി സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടായെന്നും കൈലാഷ് ഗെഹ്‌ലോട്ട് രാജിക്ക് മുൻപായി പറഞ്ഞിരുന്നു.
Also Read: അഞ്ച് ലക്ഷം യാത്രക്കാർ; റെക്കോർഡിട്ട് ഇന്ത്യൻ വ്യോമയാനരംഗം
ഇന്നലെയാണ് കൈലാഷ് ഗെഹ്ലോട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാജിക്കത്ത് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിന് കൈമാറുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ അതീഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി.