ലിവർപൂളിൻ്റെ മുൻ ക്യാപ്റ്റൻ റോണ്‍ യീറ്റ്‌സ് അന്തരിച്ചു

ജനുവരിയിലാണ് അദ്ദേഹത്തിന് അല്‍ഷിമേഴ്‌സ് രോഗം സ്ഥിരീകരിച്ചത്

ലിവർപൂളിൻ്റെ മുൻ ക്യാപ്റ്റൻ റോണ്‍ യീറ്റ്‌സ് അന്തരിച്ചു
ലിവർപൂളിൻ്റെ മുൻ ക്യാപ്റ്റൻ റോണ്‍ യീറ്റ്‌സ് അന്തരിച്ചു

ലണ്ടന്‍: മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റനും ക്ലബിന്റെ ഇതിഹാസ താരവുമായ റോണ്‍ യീറ്റ്‌സ് അന്തരിച്ചു. 86 വയസായിരുന്നു. സ്‌കോട്‌ലന്‍ഡ് താരമായ യീറ്റ്‌സ് ലിവര്‍പൂളിനായി 10 വര്‍ഷത്തോളം കളിച്ചു. 1962-ല്‍ ലിവർപൂള്‍ രണ്ടാം ഡിവിഷൻ നേടിയപ്പോള്‍ സ്‌കോട്ടിഷ് ഡിഫൻഡറായ യെറ്റ്‌സ് ആയിരുന്നു നായകൻ. അതിനുശേഷം ക്ലബ് തരംതാഴ്ത്തപ്പെട്ടിട്ടില്ല. 1959 മുതല്‍ 1974 വരെ ലിവര്‍പൂള്‍ പരിശീലകനായിരുന്ന ബില്‍ ഷാങ്ക്‌ലിയുടെ ടീമിലെ കൊളോസസ് എന്ന പേരിലാണ് യീറ്റ്‌സ് അറിയപ്പെട്ടിരുന്നത്.

1964-ലും 1966-ലും ഐക്കണിക് ക്ലബ് മാനേജർ ബില്‍ ഷാങ്ക്‌ലിയുടെ കീഴില്‍ യീറ്റ്‌സും സഹതാരങ്ങളും ഇംഗ്ലീഷ് ടോപ്പ്-ഫ്ലൈറ്റ് നേടി. 1965-ല്‍ ക്ലബ്ബ് ട്രോഫി നേടിയപ്പോഴും ക്ലബ്ബിൻ്റെ ആദ്യത്തെ എഫ്‌എ കപ്പ് നേടിയ ക്യാപ്റ്റൻ ആയിരുന്നു അദ്ദേഹം. ഡന്‍ഡീ യുനൈറ്റഡില്‍ നിന്നു 1961ലാണ് യീറ്റ്‌സ് ലിവര്‍പൂളിലെത്തുന്നത്. ടീമിലെത്തി ആറാം മാസം യീറ്റ്‌സ് ടീമിന്റെ ക്യാപ്റ്റനായി. ലിവര്‍പൂളിനായി 454 മത്സരങ്ങള്‍ താരം കളിച്ചു. ഇതില്‍ 417 മത്സരത്തിലും യീറ്റ്‌സായിരുന്നു ക്യാപ്റ്റന്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റീഫന്‍ ജെറാര്‍ഡാണ് ഈ റെക്കോര്‍ഡ് മറികടന്നത്. ഏറെ കാലം ലിവര്‍പൂളിന്റെ ചീഫ് സ്‌കൗട്ടായും യീറ്റ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജനുവരിയിലാണ് അദ്ദേഹത്തിന് അല്‍ഷിമേഴ്‌സ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ക്ലബ് സൈറ്റുകളിലുടനീളമുള്ള പതാകകള്‍ ഇന്ന് പകുതി താഴ്ത്തിക്കെട്ടും.

Top