മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്മാരാണ് എം എസ് ധോണിയും രോഹിത് ശർമയും. 2007ൽ പ്രഥമ ടി20 ലോകകപ്പിലാണ് ധോണി ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. രോഹിത്തിന് കീഴിലുള്ള ഇന്ത്യ ഈ വർഷവും കിരീടം നേടി. ധോണിക്ക് കീഴിൽ ഇന്ത്യ കിരീടം നേടുമ്പോൾ മുൻതാരം ഹർഭജൻ സിംഗ് ടീമിലുണ്ടായിരുന്നു. ഇപ്പോൾ ധോണിയുടേയും രോഹിത്തിന്റേയും ക്യാപ്റ്റൻസിയെ കുറിച്ച് സംസാരിക്കുകയാണ് ഹർഭജൻ.
ഇരുവരും ക്യാപ്റ്റൻസി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഹർഭജൻ പറഞ്ഞു. താരത്തിന്റെ വാക്കുകൾ… ”ഇരുവരുടേയും ശൈലി വ്യത്യസ്തമാണ്. ധോണി ഒരിക്കലും ഒരു താരത്തിന്റെ അടുത്തേക്ക് പോകില്ല. നിങ്ങൾക്ക് ഏത് ഫീൽഡ് വേണമെന്ന് ബൗളറോട് ചോദിക്കും. സ്വയം വരുത്തുന്ന തെറ്റുകളിൽ നിന്ന് പഠിക്കാൻ ധോണി അനുവദിക്കും. ഒരു സംഭവം പറയാം. ഐപിഎല്ലിൽ ഞാൻ ധോണിക്ക് കീഴിൽ കളിക്കുന്ന സമയം. ഷാർദുൽ താക്കൂർ പന്തെറിയുകയായിരുന്നു. ഷാർദുലിന്റെ ആദ്യ പന്തിൽ കെയ്ൻ വില്യംസൺ ബൗണ്ടറി നേടി. അടുത്ത പന്തും അതേ ലെങ്ത്തിലാണ് ഷാർദുൽ എറിഞ്ഞത്. ഷോർട്ട് ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഞാൻ ധോണിയെ സമീപിച്ചു. ഷാർദൂലിനോട് മറ്റൊരു ലെങ്ത്തിൽ പന്തെറിയാൻ പറയൂവെന്ന് ഞാൻ ധോണിയോട് നിർദേശിച്ചു. അന്ന് ധോണി പറഞ്ഞത്, അവൻ തെറ്റിൽ നിന്ന് പഠിക്കട്ടെയെന്നാണ്. ഇപ്പോൾ പറഞ്ഞാൽ അവനത് പഠിക്കില്ലെന്ന് ധോണി എനിക്ക് മറുപടി നൽകി.” ഹർഭജൻ പറഞ്ഞു.
രോഹിത്തിനെ കുറിച്ച് ഹർഭജൻ പറയുന്നതിങ്ങനെ… ”ഓരോ കളിക്കാരനോടും രോഹിത്ത് പോയി സംസാരിക്കും. നിങ്ങളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് തോളിൽ കൈവെച്ചുകൊണ്ട് രോഹിത് പറയും. അതെ, നിങ്ങൾക്കത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം അവൻ നിങ്ങൾക്ക് നൽകും. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി തുടങ്ങിയതാണ് രോഹിതിൽ വന്ന ഏറ്റവും വലിയ മാറ്റം. ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ, ക്യാപ്റ്റൻ എല്ലാം നിയന്ത്രിക്കുന്നു. ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കുന്നതിന് നായകന്റെ തന്ത്രങ്ങൾ വളരെ നിർണായകമാണ്. അത് നിങ്ങളെ മികച്ച ക്യാപ്റ്റനാക്കും. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ, ടി20യിലും ഏകദിനത്തിലും ലീഡ് ചെയ്യുന്നത് എളുപ്പമാകും.”ഹർഭജൻ പറഞ്ഞു.
Also Read:കോഹ്‍ലി എല്ലാവർക്കും പ്രോത്സാഹനമായ നായകൻ : അശ്വിൻ
ധോണിക്ക് കീഴിൽ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങൾ നേടിയിരുന്നു. ടി20 ലോകകപ്പിന് പുറമെ ഏകദിന ലോകകപ്പിലും ഐസിസി ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യ ജേതാക്കളായി.