ന്യൂയോർക്ക്: അമേരിക്കക്കാർക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ വ്യക്തിയാണ് യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസ് എന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഒബാമ കമലയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
‘ശബ്ദവും അവസരവും ആവശ്യമുള്ള ആളുകൾക്ക് വേണ്ടി പോരാടാനാണ് കമലാഹാരിസ് തന്റെ ജീവിതം ചെലവഴിച്ചത്. അവർ നിങ്ങൾക്കായി പോരാടും. അങ്ങനെയുള്ള വ്യക്തിക്ക് വോട്ട് ചെയ്യാൻ ഞാൻ അഭിമാനിക്കുന്നു. അതാണ് ഞങ്ങൾക്ക് വേണ്ടത്’. വീഡിയോക്കൊപ്പം ഒബാമ കുറിച്ചു.
Also Read: കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്ന് കൈമാറി റഷ്യ
കഴിഞ്ഞ ബുധനാഴ്ച മാത്രം ഡെമോക്രാറ്റുകൾക്കു വേണ്ടി ഒബാമ 20ലധികം വീഡിയോകൾ റെക്കോർഡുചെയ്‌തതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഒബാമയുടെ 56 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. നടിയും ആക്ടിവിസ്റ്റുമായ ഇവാ ലോംഗോറിയയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമയുടെ പ്രശംസ.
നേരത്തെ, ഒബാമയും ഭാര്യ മിഷേലും കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ അവർ അമേരിക്കയുടെ മികച്ച പ്രസിഡന്റായിരിക്കുമെന്ന് ഇരുവരും പ്രസ്താവിച്ചിരുന്നു. പെൻസിൽവാനിയയിൽ ഒബാമ ഹാരിസിന് വേണ്ടി തെരഞ്ഞെടുപ്പ് റാലി നടത്തുന്നുണ്ട് . 2024 നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമാണ് ഒബാമയുടെ വിഡിയോ.