തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്കുള്ള ധനസഹായങ്ങൾ ഏകോപിപ്പിക്കാൻ മുന്‍ വയനാട് കലക്ടര്‍ കൂടിയായ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ഗീതയ്ക്കു കീഴില്‍ ‘ഹെല്‍പ് ഫോര്‍ വയനാട് സെൽ’ രൂപീകരിക്കുമെന്നു മുഖ്യമന്ത്രി. സിഎംഡിആര്‍എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ധന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും.
ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സമൂഹമാധ്യമങ്ങൾ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനുമായി ഒരു കോള്‍ സെന്‍ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 3 ഫോണ്‍ നമ്പറുകളുണ്ട്. 9188940013, 9188940014, 9188940015.