വാഷിങ്ടൺ: വേൾഡ് റെസ്റ്റ്ലിങ് എന്റർടെയ്ൻമെന്റ്(ഡബ്ലു.ഡബ്ല്യു.ഇ) മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദ്യാഭ്യാസ മേധാവിയായി നിയമിച്ചു. രക്ഷിതാക്കളുടെ അവകാശത്തിനായി പോരാടുന്ന വ്യക്തിയാണ് ലിൻഡയെന്ന് ട്രംപ് വിശേഷിപ്പിച്ചു. അമേരിക്കയിലെ സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസം തിരികെ കൊണ്ടുവരുന്നതിന് ലിൻഡ നേതൃത്വം നൽകുമെന്നും ട്രംപ് പറഞ്ഞു.
2009ലാണ് ലിൻഡ ഡബ്ലു.ഡബ്ല്യു.ഇ വിട്ടത്. അതിനു ശേഷം സെനറ്റിലേക്ക് മത്സരിച്ചു. ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നതിന് മുന്നോടിയായി രൂപീകരിച്ച ട്രംപിന്റെ ട്രാൻസിഷൻ ടീമിന്റെ സഹ അധ്യക്ഷയായിരുന്നു ലിൻഡ. സർക്കാറിൽ ഏകദേശം 4,000 തസ്തികകൾ നികത്തുക എന്നതാണ് അതിന്റെ ചുമതല.
2021 മുതൽ ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ ദി അമേരിക്കൻ വർക്കറുടെ അധ്യക്ഷയായി പ്രവർത്തിച്ചു. വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.