ഫോര്‍ട്ട്‌കൊച്ചി: ടൂറിസ്റ്റ് സീസണും ഓണാഘോഷ അവധിക്കാലവുമായിട്ടും സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചിരുന്ന ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തിന് മാലിന്യക്കൂമ്പാരത്തില്‍നിന്ന് മോചനമില്ല. ചീഞ്ഞളിഞ്ഞ പായലും മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവും തീരത്തെ മലിമസമാക്കിയിരിക്കയാണ്. ഞായറാഴ്ച തിരുവോണദിനത്തിലും തിങ്കളാഴ്ച നബിദിന അവധി ദിനത്തിലും നിരവധി പേര്‍ കടപ്പുറത്തെത്തിയെങ്കിലും തീരത്തേക്ക് ഇറങ്ങാനാവാതെ മടങ്ങി.
മനം മടുപ്പിക്കുന്ന മാലിന്യ കാഴ്ചകളാണ് ഇവരെ വരവേറ്റത്. വിദേശികള്‍ അടക്കം നിരവധി സഞ്ചാരികളും എത്തിയിരുന്നു. ദുര്‍ഗന്ധവും ഇഴജന്തു ശല്യവും സാമൂഹിക വിരുദ്ധശല്യവും മൂലം കൊച്ചി തീരത്തെ വിനോദസഞ്ചാരികള്‍ തഴയുകയാണെന്നാണ് ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നത്. ടുറിസം വകുപ്പ്, കൊച്ചി നഗരസഭ, ജില്ല ഭരണകൂടം, കൊച്ചി പൈതൃക സംരക്ഷണ സമിതി തുടങ്ങിയവയുടെ ഏകോപനമില്ലായ്മയും നിരുത്തരവാദിത്തവുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ടുറിസം വകുപ്പിന്റെ സീറോ വേസ്റ്റ് പദ്ധതിയടക്കം പത്തിലേറെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം കൊച്ചി കാണാനെത്തിയ വിനോദസഞ്ചാരികള്‍ തന്നെ തീരം ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങിയത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.