അടിമാലി: കേന്ദ്ര സര്‍ക്കാര്‍ വിതരണത്തിന് നല്‍കുന്ന ഫോര്‍ട്ടിഫൈഡ് അരി കരിഞ്ചന്തയില്‍ സുലഭം. മറ്റ് അരികളുമായി കലര്‍ത്തിയാണ് കൂടിയ വിലയില്‍ ഇതിന്റെ വില്‍പന. റേഷന്‍ കടകളിലൂടെ മാത്രം വിതരണം ചെയ്യേണ്ട അരിയാണ് ഹൈറേഞ്ചിലെ സ്വകാര്യ സുപ്പര്‍ മാര്‍ക്കറ്റുകളിലും ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളിലും വന്‍തോതില്‍ ലഭ്യമായിട്ടുള്ളത്. പ്രമുഖ കമ്പനിയുടെ പാക്കറ്റിലാണ് ഇത്തരം അരി വിപണിയില്‍ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ജില്ല സപ്ലൈ ഓഫിസറെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.
ഫുഡ് ആന്റ് സേഫ്റ്റി വകുപ്പിന് വിവരം കൈമാറിയാല്‍ അവര്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് നിലപാട്. ഹൈറേഞ്ചിലെ ഒരു സ്ഥാപനത്തില്‍ ഇത്തരത്തില്‍ നിരവധി ചാക്ക് അരി വില്‍പനക്ക് വെച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ പരാതിയായി ഉന്നയിച്ചിട്ടും ജില്ല സപ്ലൈ ഓഫീസ് അധികൃതര്‍ അനങ്ങിയിട്ടില്ല.
Also read: ഉഴുന്നുവടയിൽ ബ്ലേഡ്; ഹോട്ടൽ അടപ്പിച്ചു
തമിഴ്‌നാട്ടില്‍ നിന്ന് ദിവസവും ലോഡ് കണക്കിന് റേഷനരി ജില്ലയിലും എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലേക്കും എത്തുന്നുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്നാണ് ഇവ എത്തുന്നത്. ഓണക്കാല പരിശോധനകള്‍ വ്യാപകമായി നടത്തുന്നതായി പറയുമ്പോഴും കള്ളക്കടത്ത് പിടികൂടുന്നില്ല. പിന്നില്‍ വന്‍മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്.
റേഷന്‍ കടകളില്‍ മഞ്ഞ കാര്‍ഡുകള്‍ക്ക് 30 കിലോ അരിയും ബി.പി.എല്‍ കാര്‍ഡുകള്‍ക്ക് ആളോന്നിന് നാലു കിലോ അരിയും നീല കാര്‍ഡ് സബ്‌സിഡി കാര്‍ഡിന് നാലു രൂപ നിരക്കില്‍ ആളോന്നിന് രണ്ടു കിലോ അരിയും വെള്ള കാര്‍ഡിന് അഞ്ചുകിലോ അരിയും നല്‍കുന്നു. കാര്‍ഡ് ഉടമകള്‍ റേഷന്‍ കടകളില്‍ എത്തി പഞ്ചിങ് നടത്തിയാലെ അരി നല്‍കാന്‍ കഴിയൂ എന്നിരിക്കെയാണ് അധിക പോഷകമൂല്യമുള്ള അരി സുലഭമായി വിപണിയില്‍ എത്തുന്നത്. ജില്ലയിലെ റേഷന്‍ കടകളില്‍ 90 ശതമാനവും പച്ചരി മാത്രമാണ് നല്‍കുന്നത്. കുത്തരിയും വെള്ളരിയും ലഭിക്കുന്നുമില്ല.