അകത്ത് സ്വർണവും വെള്ളിയും മുത്തും; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് നിധികുംഭം; കോടതിയിൽ ഹാജരാക്കി പൊലീസ്

അകത്ത് സ്വർണവും വെള്ളിയും മുത്തും; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് നിധികുംഭം; കോടതിയിൽ ഹാജരാക്കി പൊലീസ്
അകത്ത് സ്വർണവും വെള്ളിയും മുത്തും; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് നിധികുംഭം; കോടതിയിൽ ഹാജരാക്കി പൊലീസ്

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്.

ബോംബെന്നു കരുതി പേടിച്ചാണ് അവർ ആ പാത്രം വലിച്ചെറിഞ്ഞത്. പക്ഷേ, ഏറിൽ പാത്രം പൊട്ടിയപ്പോൾ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികൾ, 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങൾ, പഴയകാലത്തെ 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവർക്ക് സംശയമൊന്നുമുണ്ടായില്ല. പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി.

പൊലീസ് നിധി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായി എസ്ഐ എം.പി.ഷിജു പറഞ്ഞു. നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ചു പഴക്കം നിർണയിക്കാമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു.

ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പാത്രത്തിന്. ഇത്തരം ഭണ്ഡാരങ്ങളിൽ ആഭരണങ്ങളും പണവും സൂക്ഷിക്കാറുണ്ട്. മോഷ്ടിക്കപ്പെടാതിരിക്കാൻ പഴമക്കാർ ഒളിപ്പിച്ചതാകാനും സാധ്യതയുണ്ട്. സ്വർണം പൂശിയതാണോയെന്നും വ്യക്തമല്ല.

Top