കഴക്കൂട്ടം: തലസ്ഥാനത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി നാലുപേർ അറസ്റ്റിലായി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീകാര്യത്തുനിന്ന് വെള്ളനാട് സ്വദേശി രമേഷ് (40), വലിയവേളി സ്വദേശി ബൈജു പെരേര (33), വള്ളക്കടവ് സ്വദേശി റോയ് ബഞ്ചമിൻ (31) എന്നിവരും മംഗലപുരത്ത് നിന്ന് മുണ്ടയ്ക്കൽ ലക്ഷംവീട് സ്വദേശി ദീപുവും (23) അറസ്റ്റിലായത്.
ശ്രീകാര്യം ഇളംകുളത്ത് വീട് വാടകക്കെടുത്ത് രമേഷ് മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തി. മംഗലപുരത്ത് വെയിലൂർ മുണ്ടയ്ക്കൽ കോളനിയിൽ വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയുമായാണ് ദീപുവിനെ പിടികൂടിയത്. ദീപുവിൽനിന്ന് കഞ്ചാവും കണ്ടെടുത്തു.
Also Read: അയല്‍വാസിയായ സ്ത്രീയെ കടന്നു പിടിച്ചു; സൈനികന് അറസ്റ്റില്‍
സ്ഥിരമായി ലഹരി വില്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വിൽപന. സിറ്റി-റൂറൽ ഡാൻസാഫ് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.