ബിഹാറിൽ നാല് പാലങ്ങൾ കൂടി തകർന്നു വീണു. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനിടെ ബിഹാറിൽ തകർന്ന് വീണ പാലങ്ങളുടെ എണ്ണം 10 ആയി. സിവാൻ ജില്ലയിൽ മൂന്നെണ്ണവും സരൺ ജില്ലയിൽ ഒന്നുമാണ് തകർന്നുവീണത്. മഹാരാജ്ഗഞ്ച് സബ്ഡിവിഷനിലെ ഡിയോറിയ, നവ്താൻ, ധമാഹി ഗ്രാമങ്ങളിലെ ചാരി നദിക്ക് കുറുകെയാണ് സിവാനിൽ തകർന്ന പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആരും മരിക്കുകയോ ആർക്കും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെങ്കിലും 200 ഓളം ഗ്രാമങ്ങളുടെ ബന്ധം തകരാറിലായി.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെത്തുടർന്ന് വെള്ളത്തിൻ്റെ അളവ് വർധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങൾ തകരാൻ കാരണമായത്. പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പാലങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. അതിനിടെ ബിഹാറിൽ പാലങ്ങൾ തകർന്നതിൽ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പാലങ്ങളും പരിശോധിക്കനാണ് നിർദേശം.
അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ റോഡ് നിർമ്മാണ വകുപ്പിനും (ആർസിഡി), റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റിനും നിർദ്ദേശം നൽകി. ഇതിനിടെ സംസ്ഥാനത്ത് തുടർച്ചയായി പാലങ്ങൾ തകർന്നുവീഴുന്നത് സംസ്ഥാന രാഷ്ട്രീയത്തേയും പിടിച്ചുകുലുക്കുകയാണ്. നിതീഷ് കുമാർ നയിക്കുന്ന സർക്കാരിൻറെ അഴിമതി ഭരണമാണ് പാലം തകർച്ചയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.