ആൻഡ്രോയ്‌ഡിൽ നാല് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ച് ഗൂഗിൾ. ഇവ ഏതൊക്കെയാണെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. വരും കാലങ്ങളിൽ തന്നെ ഇവ ആൻഡ്രോയ്‌ഡ് യൂസർമാർക്ക് ലഭ്യമാകും.
പുത്തൻ ഫീച്ചറുകൾ:
- കാഴ്‌ചയില്ലാത്തവരും കാഴ്‌ച കുറവുള്ളവരുമായവരെ ലക്ഷ്യമിട്ട് ഗൂഗിൾ ടോക്‌ബാക് എന്നൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങളെ ഓഡിയോ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ഫീച്ചർ ചെയ്യുക. ജെമിനി എഐ മോഡലുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാവുക.
- സർക്കിൾ ടു സെർച്ച് എന്ന ഫീച്ചറാണ് മറ്റൊന്ന്. പ്ലേ ചെയ്യുന്ന പാട്ടിൻറെ ട്രാക്ക് നെയിം, ആർട്ടിസ്റ്റ്, യൂട്യൂബ് ലിങ്ക് എന്നിവ ഈ ഫീച്ചർ വഴി ലഭ്യമാകും. നാവിഗേഷൻ ബാറിൽ ലോംഗ് പ്രസ് ചെയ്താൽ സർക്കിൾ ടു സെർച്ച് ഫീച്ചർ ആക്റ്റീവാകും.
- ലിസൺ ടു വെബ് പേജസ്- ഏറെ നീണ്ട വെബ്‌പേജ് ഫലങ്ങൾ വായിക്കുക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ഇത് ഒഴിവാക്കി ക്രോം സെർച്ച് ഫലം ഓഡിയോയായി അവതരിപ്പിക്കുകയാണ് ഈ ഫീച്ചർ ചെയ്യുക. നിങ്ങൾക്ക് ഉചിതമായ വേഗം, ഭാഷ, ശബ്ദം എന്നിവ ഇതിനായി തെരഞ്ഞെടുക്കാം.
- ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആൻഡ്രോയ്‌ഡിലേക്ക് ഗൂഗിൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അമേരിക്കയിലാണ് ആദ്യ ഘട്ടത്തിൽ ഇത് പ്രാബല്യത്തിൽ വരിക. ഭൂചലനം അനുഭവപ്പെടുന്നതിന് സെക്കൻഡുകൾ മുമ്പാണ് ഈ മുന്നറിയിപ്പ് ഫോണുകളിലേക്ക് എത്തുക. ചലനം അവസാനിക്കുന്നയുടൻ ഇനിയെന്ത് ചെയ്യണം എന്ന കാര്യം നിങ്ങൾക്ക് ചോദിച്ചറിയാനും വഴിയുണ്ട്.