പ്രൈമറി സ്കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു ദളിത് കുടുംബത്തിലെ നാല് അംഗങ്ങളെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് അതിദാരുണമായ സംഭവം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കൊലപാതകം നടന്നത്. സുനിൽകുമാർ (35), ഭാര്യ പൂനം ഭാരതി (33), പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളായ ദൃഷ്ടി (5), മിക്കി (18 മാസം) എന്നിവരാണ് മരിച്ചത്. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് സൂചന. വീട്ടിൽ അതിക്രമിച്ച് കയറിയ ചില അജ്ഞാതർ കൊലപാതകം നടത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കവര്‍ച്ച നടത്തിയതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സുനില്‍ ഉള്‍പ്പെട്ട നിയമ തര്‍ക്കം ഉള്‍പ്പെടെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി അനൂപ് കുമാര്‍ സിംഗ് പറഞ്ഞു. കേസ് എത്രയും വേഗം തീർപ്പാക്കാൻ ഉത്തർപ്രദേശ് പോലീസിൻ്റെ പ്രത്യേക ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്.
കേസിൽ എത്രയും പെട്ടന്ന് നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അന്വേഷണത്തിന് സഹായിക്കാൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ധർമ്മേഷ് കുമാർ ഷാഹിയുടെ നേതൃത്വത്തിലുള്ള എസ്ടിഎഫ് സംഘം സ്ഥലത്തെത്തി.ഓഗസ്റ്റ് 18ന് പൂനം ഫയല്‍ ചെയ്ത കേസാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.