മലപ്പുറം: വളാഞ്ചേരിയിലെ കെ.എസ്.എഫ്.ഇ ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് വന്‍ തട്ടിപ്പ്. 221 പവന്‍ മുക്കുപണ്ടം പണയംവെച്ച് ഒരുകോടി 48 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ കെ.എസ്.എഫ്.ഇ ജീവനക്കാരനടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പാലക്കാട് സ്വദേശികളായ അബ്ദുല്‍ നിഷാദ്, മുഹമ്മദ് അഷറഫ്, റഷീദ് അലി, മുഹമ്മദ് ഷരീഫ് എന്നിവര്‍ കെ.എസ്.എഫ്.ഇയിലെ അപ്രൈസര്‍ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസര്‍. ജീവനക്കാര്‍ക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും പിന്നീട് മാനേജര്‍ വളാഞ്ചേരി പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.
പത്ത് തവണകളായാണ് പ്രതികള്‍ മുക്കുപണ്ടം പണയംവെച്ചത്. ചിട്ടിക്ക് ജാമ്യമായി നല്‍കിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.