CMDRF

മാനേജറുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; നഷ്ടമായത് 16 കോടിയിലധികം രൂപ

മാനേജറുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; നഷ്ടമായത് 16 കോടിയിലധികം രൂപ
മാനേജറുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; നഷ്ടമായത് 16 കോടിയിലധികം രൂപ

ന്യൂഡല്‍ഹി: ബാങ്ക് മാനേജറുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്ക് ചെയ്ത് വന്‍ തട്ടിപ്പ്. 16 കോടി രൂപ തട്ടിയെടുത്ത് പല അക്കൗണ്ടുകളിലേക്ക് മാറ്റിയ വിവരം ബാങ്ക് പോലും അറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ്. ഷെഡ്യൂള്‍ഡ് ബാങ്കായ നൈനിറ്റാള്‍ ബാങ്കിന്റെ നോയിഡ ശാഖയിലാണ് വന്‍ സൈബര്‍ തട്ടിപ്പ് അരങ്ങേറിയത്.

89 അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ബാങ്കിന്റെ ആര്‍.ടി.ജി.എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ചാനലില്‍ നുഴഞ്ഞുകയറിയാണ് തട്ടിപ്പ് നടത്തിയത്. ജൂണ്‍ 16നും 20നും ഇടയില്‍ ആകെ 16.5 കോടി രൂപ ഇങ്ങനെ തട്ടിയെടുത്തതായി പിന്നീട് കണ്ടെത്തുകയായിരുന്നു.

ബാങ്കിന്റെ ഐ.ടി മാനേജര്‍ സുമിത് കുമാര്‍ ശ്രീവാസ്തവയാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ജൂണ്‍ മാസത്തെ ബാലന്‍സ് ഷീറ്റ് അവലോകനം ചെയ്തപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ജൂണ്‍ 17ന് ബാലന്‍സ് ഷീറ്റിലെ ആര്‍.ടി.ജി.എസ് ഓഡിറ്റില്‍ 3,60,94,020 രൂപയുടെ വ്യത്യാസം കണ്ടെത്തി. പല ദിവസങ്ങളിലെയും കണക്കുകള്‍ ശരിയാവാതെ വന്നപ്പോഴാണ് തട്ടിപ്പുകള്‍ ഓരോ ദിവസത്തേതും പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മീഷണര്‍ വിവേക് രഞ്ജന്‍ പറഞ്ഞു.

Top