കൊച്ചി: വഞ്ചനാ കേസില്‍ അറസ്റ്റിലായ സിനിമ നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ പരാതിയുമായി തൃശൂര്‍ സ്വദേശി. തൃശൂര്‍ വരാക്കര സ്വദേശിയായ ജിന്‍സ് തോമസില്‍ നിന്ന് 2 കോടി രൂപയോളം തട്ടിയെടുത്തു എന്ന കേസ് ഇപ്പോള്‍ തൃശൂര്‍ സിജെഎം കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെ കെഎസ്എഫ്ഇയില്‍നിന്ന് ചിട്ടി കിട്ടാനായി ഈടുവയ്ക്കാന്‍ താന്‍ നല്‍കിയ സ്ഥലത്തിന്റെ ആധാരവും ജോണി ഇതുവരെ എടുത്തു തന്നിട്ടില്ലെന്ന് ജിന്‍സ് പറയുന്നു. കോയമ്പത്തൂര്‍ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയ്ശങ്കറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിന്‍സ്.
പണം തിരികെക്കിട്ടാതെ വന്നതോടെ ജിന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. വാങ്ങിയ പണത്തിന് ഈടായി നല്‍കിയ രണ്ടു കോടിയോളം രൂപയുടെ ചെക്കുകള്‍ മടങ്ങിയെന്നും പിന്‍വലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ ഉപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും കാണിച്ചാണ് ജിന്‍സ് കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്-1 കോടതി, ജോണി ഇടക്കാല നഷ്ടപരിഹാര തുകയായ 40 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടി വയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ആ പണം കെട്ടിവച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്ന് ജിന്‍സ് പറയുന്നു. കേസ് കോടതി അടുത്തു തന്നെ വീണ്ടും പരിഗണിക്കുന്നുണ്ട്. കെഎസ്എഫ്ഇ ചിട്ടിയുമായി ബന്ധപ്പെട്ട് മൂന്നര ലക്ഷം രൂപയോളം ജോണി ഇനിയും അടച്ചു തീര്‍ക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ സ്ഥലത്തിന്റെ ആധാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
‘നിറം 2’ ഉള്‍പ്പെടെയുള്ള സിനിമകള്‍ താന്‍ നിര്‍മിക്കുന്നുണ്ടെന്ന് പണം നിക്ഷേപിച്ച കാലത്ത് ജോണി സാഗരിക വിശ്വസിപ്പിച്ചതായി ജിന്‍സ് പറയുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണി ചിത്രത്തിലെ ഗാനത്തിന്റെ കംപോസിങ് നടത്തുന്നു എന്നു പറഞ്ഞ് ജോണി വിഡിയോകള്‍ അയച്ചു തരുമായിരുന്നു. ഒരു വിധത്തിലുള്ള സംശയവും അക്കാലത്ത് തോന്നിയിരുന്നില്ലെന്നും ജിന്‍സ് പറയുന്നു. പണം തിരികെ നല്‍കാതെ വന്നതോടെ, പരാതി നല്‍കുമെന്ന് പറയുമ്പോള്‍ പൊതുസമൂഹത്തിനു മുന്നില്‍ അപമാനിക്കരുത് എന്നായിരുന്നു മറുപടി. എന്നാല്‍ ജോണി ആ സമയത്ത് പുതിയ കാറൊക്കെ വാങ്ങുകയും ചെയ്തു. വഞ്ചിക്കപ്പെടുകയായിരുന്നു എന്നും ഒരുവിധത്തിലും പണം തിരികെ ലഭിക്കില്ലെന്നും ബോധ്യമായതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ജിന്‍സ് പറയുന്നു.
ദ്വാരക് ഉദയശങ്കറിന്റേതിനു സമാനമായി 2016-17 സമയത്താണ് താനും ജോണി സാഗരികയെ വിശ്വസിച്ച് 75 ലക്ഷം രൂപ നിക്ഷേപിച്ചതെന്നും ‘നോണ്‍സെന്‍സ്’ എന്ന സിനിമയുടെ നിര്‍മാണത്തിനായിരുന്നു ഇതെന്നും 2021ല്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ജിന്‍സ് പറയുന്നു. 25% ലാഭം എന്നായിരുന്നു വാഗ്ദാനം. ദ്വാരകും തുടക്കത്തില്‍ നിക്ഷേപിച്ചത് 75 ലക്ഷം രൂപയാണ്. ഒരു വര്‍ഷം കഴിഞ്ഞാല്‍ മുടക്കുമുതല്‍ എപ്പോള്‍ വേണമെങ്കിലും മടക്കി നല്‍കാമെന്നും ജോണി പറഞ്ഞിരുന്നെന്ന് ജിന്‍സ് അവകാശപ്പെടുന്നു. ഇപ്രകാരം കരാര്‍ എഴുതുകയും തീയതി വയ്ക്കാത്ത ചെക്ക് നല്‍കുകയും ചെയ്തു.
എന്നാല്‍ സിനിമ നിര്‍മാണം പൂര്‍ത്തിയായിട്ടും ലാഭവിഹിതം ഒന്നും നല്‍കിയില്ല. മുടക്കുമുതല്‍ തിരികെ ചോദിച്ചിട്ടും പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ജോണി നീട്ടിക്കൊണ്ടു പോയി. ഇതിനിടെ, ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പണം ആവശ്യമായിരുന്നു എന്നും അതിനാല്‍ വിതരണാവകാശം നല്‍കാമെന്ന് അറിയിച്ച് ചെന്നൈ കേന്ദ്രമായ ‘സൂപ്പര്‍ ഗുഡ് ഫിലിംസി’ല്‍ നിന്ന് ഒരു കോടി രൂപ താന്‍ കൈപ്പറ്റിയിരുന്നു എന്നും ജോണി തങ്ങളെ അറിയിച്ചു എന്ന് ജിന്‍സ് പറയുന്നു. ഈ പണവും പലിശയും തിരികെ നല്‍കിയാല്‍ ചിത്രത്തിന്റെ വിതരണാവകാശവും വാങ്ങിയ 75 ലക്ഷം രൂപയും തിരികെ നല്‍കാമെന്ന് ജോണി വാഗ്ദാനം ചെയ്തതായി ജിന്‍സ് പറയുന്നു.
തുടര്‍ന്ന് ജിന്‍സും ദ്വാരകും ചേര്‍ന്ന് നടത്തുന്ന ‘ബാവഖ്’ എന്ന സ്ഥാപനം വഴി സൂപ്പര്‍ഗുഡ് ഫിലിംസിന് തുകയും പലിശയും അടക്കം 1.16 കോടി രൂപ നല്‍കി. ഇതിന് പുതിയ കരാറും ഒപ്പുവച്ചു. അപ്പോഴേക്കും 2 കോടി രൂപയോളം തന്നില്‍നിന്ന് ജോണി വാങ്ങിക്കഴിഞ്ഞു എന്ന് ജിന്‍സ് പറയുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങി കഴിഞ്ഞും മറുപടി ഒന്നുമില്ലാതെ വന്നതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ജോണിയെ അറിയിച്ചു. തുടര്‍ന്ന് 1 കോടി രൂപ വീതമുള്ള രണ്ടു ചെക്കുകള്‍ നല്‍കി. 2021 ഫെബ്രുവരി 12നു ശേഷമേ ചെക്ക് നിക്ഷേപിക്കാവൂ എന്ന് ജോണി അറിയിച്ചിരുന്നു. അപ്രകാരം ചെക്ക് നിക്ഷേപിച്ചപ്പോള്‍ അത് മടങ്ങി. ജോണിയെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോണ്‍ വിളിച്ചാലും എടുക്കാതായി. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ താന്‍ തയാറായത്.
ഇതിനിടെ, 80 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടിയിലൂടെ ജോണിക്ക് ലഭിച്ചിരുന്നു. ഈ ചിട്ടിക്ക് ഈടായാണ് തൃശൂരുള്ള ഒരു കോടിയില്‍പരം രൂപ വിപണിമൂല്യമുള്ള സ്ഥലത്തിന്റെ ആധാരം നല്‍കിയത്. ആലപ്പുഴയിലും ചേര്‍ത്തലയിലും തനിക്ക് കുടുംബവക സ്വത്തുക്കള്‍ ഉണ്ടെങ്കിലും അവ ഭാഗം ചെയ്യാത്തതിനാല്‍ ഈടുവയ്ക്കാന്‍ സാധിക്കില്ലെന്ന് ജോണി പറഞ്ഞതിനാലാണ് അങ്ങനെ ചെയ്തത്.
മൂന്നു മാസത്തിനുള്ളില്‍ തിരികെ എടുത്തു നല്‍കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കെഎസ്എഫ്ഇ തവണ അടയ്ക്കുന്നത് ജോണി നിരന്തരമായി മുടക്കി എന്ന് താനറിയുന്നത് പിന്നീടാണ്. ഇതിനു ശേഷം സ്ഥലം ജപ്തി ചെയ്യാന്‍ പോവുകയാണെന്നും 40 ലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്നും വ്യക്തമാക്കി കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറിയിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ജിന്‍സ് പറയുന്നു. ഇതില്‍ ഇനിയും മൂന്നര ലക്ഷം കൂടി അടച്ചു തീര്‍ക്കാനുണ്ടെന്നാണ് തന്റെ അറിവെന്നും എങ്കില്‍ മാത്രമേ ആധാരം തിരികെ ലഭിക്കൂ എന്നും ജിന്‍സ് പറയുന്നു.