ഷാർജ: വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും ആരോഗ്യ ഇൻഷുറൻസ് സൗജന്യമാക്കി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.
2025 ജനുവരി ഒന്നുമുതൽ വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം. നിലവിൽ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. നിലവിലെ ഇൻഷുറൻസ് പരിരക്ഷ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Also Read:പരിശീലനത്തിനിടെ കുവൈറ്റിൽ യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
യുഎഇയുടെ പദ്ധതിപ്രകാരം സ്പോൺസറാണ് ഇൻഷുറൻസ് തുക നൽകേണ്ടതെങ്കിലും ആശ്രിതരുടെ ഇൻഷുറൻസ് അതതു വ്യക്തികളാണ് വഹിക്കേണ്ടത്. അത് ഇടത്തരം കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയേക്കും. പുതിയ പ്രഖ്യാപനം ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരും. നിലവിൽ ദുബായിലും അബുദാബിയിലും ഇൻഷുറൻസ് നിർബന്ധമാണ്. മിക്ക കമ്പനികളും ജീവനക്കാർക്കും ആശ്രിതർക്കും ഇൻഷുറൻസ് നൽകിയിരുന്നെങ്കിലും കോവിഡിനുശേഷം പ്രീമിയം കൂട്ടിയതോടെ ഇൻഷൂറൻസ് സ്വന്തം തുകയ്ക്ക് എടുക്കാൻ നിർദേശിച്ചിരുന്നു.