വിയന്റിയൻ: അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ ദാരുണാന്ത്യം. ഒരേ സ്ഥലത്ത് നിന്നും മദ്യപിച്ചവർ അവശനിലയിൽ ആയതിന് പിന്നാലെയാണ് ഇപ്പോൾ യുവാവിന്റെ മരണം. വിനോദ സഞ്ചാരികൾ കഴിച്ചത് വ്യാജ മദ്യമോ, വിഷ മദ്യമോ ആണെന്ന സംശയത്തിലാണ് നിലവിൽ അധികൃതരുള്ളത്.
നിർഭാഗ്യവശാൽ ഉണ്ടായ കാര്യത്തിൻമേൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, പ്രാദേശിക ഭരണകൂടത്തോട് മരണ കാരണം കണ്ടെത്താൻ നിർദ്ദേശം നൽകിയതായുമാണ് അധികൃതർ വിശദമാക്കുന്നത്. അതേസമയം ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഓസ്ട്രേലിയൻ സ്വദേശികളായ രണ്ട് വിനോദ സഞ്ചാരികൾ തായ്ലാൻഡിൽ അവശ നിലയിൽ ചികിത്സ തേടിയതായാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരും ലാവോസിൽ വച്ച് മദ്യപിച്ചിരുന്നു. ബാക്ക് പാക്കിംഗ് അവധി ആഘോഷത്തിനായി എത്തിയ 19കാരികളാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
Also Read :തളർവാതരോഗികളിൽ മസ്കിന്റെ ബ്രെയ്ൻ ചിപ്പ് പരീക്ഷണത്തിന് അനുമതി നൽകി കാനഡ
ആതിഥ്യ മര്യാദയുടെ പേരിൽ രണ്ട് ദിവസം മുൻപ് ഇവർ തങ്ങിയിരുന്ന ഹോട്ടലിൽ സൗജന്യമായി നൽകിയ ലാവോ വോഡ്ക ഇവർ കഴിച്ചിരുന്നു. അന്ന് ഇവർക്കൊപ്പം ലാവോ വോഡ്ക കഴിച്ചത് നൂറിലേറെ പേരാണ്. മെൽബണിൽ നിന്ന് ഇവരുടെ ബന്ധുക്കൾ തായ്ലാൻഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ കുടിച്ചത് മദ്യത്തിന് പകരമായി മെഥനോൾ ആയിരിക്കാമെന്ന സൂചനയാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്നത്.