നമ്മുടെ നാടിന്റെ നിലനില്‍പ്പിനു വേണ്ട അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ഭക്ഷ്യസുരക്ഷ അതിപ്പോള്‍ വീട്ടില്‍ നിന്നായാലും, പുറത്തുനിന്നായാലും. ഇനി ഇപ്പോള്‍ സുരക്ഷിതമായ ഭക്ഷ്യ ഇടങ്ങള്‍ തേടി പോയാലും ഭക്ഷ്യ വിഷബാധ സാധ്യത പാടെ തള്ളിക്കളയാന്‍ ആവില്ല. എപ്പോള്‍ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും അത് സംഭവിക്കാം എന്ന് സാരം. വ്യക്തി ശുചിത്വം ഇല്ലായ്മ,ഭക്ഷണം സൂക്ഷിക്കുന്ന തെറ്റായ രീതികള്‍, പാകം ചെയ്യുന്നതിലെ പിഴവുകള്‍, താപനിലയില്‍ വരുന്ന പിഴവുകള്‍,മലിനമായ ഭക്ഷ്യ ഉറവിടങ്ങള്‍ ,ഭക്ഷ്യ വസ്തുക്കള്‍ തെറ്റായ രീതിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഇത്തരത്തിലുള്ള നിരവധി കാരണങ്ങള്‍കൊണ്ട് ഭക്ഷ്യവിഷബാധ ഉണ്ടായേക്കാം, അതുമാത്രമല്ല വിപരീത ആഹാരങ്ങള്‍ കഴിക്കുന്നതും കാരണമാകുന്നുണ്ട്. ഇത്തരം തെറ്റായ രീതികളും ശ്രദ്ധയില്ലായ്മയും കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മരണം വരെ സംഭവിക്കാം.
ഇന്നും വളരെ പരിതാപകരമായ രീതിയില്‍ തന്നെയാണ് നമ്മുടെ നാട്ടിലെ ഭക്ഷ്യസുരക്ഷ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വൃത്തിഹീനമായ രീതിയില്‍ അശ്രദ്ധമായി ഭക്ഷണം ഉണ്ടാക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ഇടങ്ങള്‍ നിരവധിയാണ് നമ്മുടെ നാട്ടില്‍. ഇവയ്ക്കെതിരെ വേണ്ടപോലെ വേണ്ട സമയത്തു നടപടി സ്വീകരിക്കാതെ നോക്കുകുത്തികളായി നില്‍ക്കുകയാണ് അധികൃതര്‍. ഭക്ഷ്യവിഷബാധ കാരണം ജനങ്ങള്‍ക് ഗുരുതര പ്രശ്‌നങ്ങള്‍ വരികയോ മരണപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ നടപടി എടുക്കാന്‍ ഇത്തരക്കാര്‍ തയാറാകുന്നത്. ചെയ്യുന്ന ജോലിയോട് അല്പം ആത്മാര്‍ത്ഥത പുലര്‍ത്തിയാല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഈ കാര്യത്തിലൊള്ളു. ഇതിപ്പോള്‍ കാതിരിന്മേല്‍ വളം വെക്കുന്ന മനോഭാവമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ സ്വീകരിക്കുന്നത്. എവിടെയെങ്കിലും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുന്നത്, പുതിയ വിഷയങ്ങളുടെ വരവോടെ അതിന്റെ ചൂട് കെട്ടടങ്ങുകയും ചെയ്യുന്നു.
ഇന്നലെ തൃശൂര്‍ ഉണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരണപെട്ടു,എന്നാല്‍ ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ആറുമാസം മുന്‍പ് രണ്ട് പേര്‍ക്ക് ഭക്ഷ്യവിഷ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി പിഴ ഈടാക്കി പൂട്ടിച്ചതാണ് ഈ ഹോട്ടല്‍. ഇത്പോലെ തന്നെ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഭക്ഷ്യവിഷബാധയേറ്റ് ഒരു യുവാവ് മരിച്ച സംഭവത്തില്‍ കേസ് എടുത്ത് പൂട്ടിച്ച ഒരു ഹോട്ടല്‍ അതിന്റെ പേരിന്റെ ഏതാനും അക്ഷരങ്ങള്‍ മാത്രം മാറ്റിക്കൊണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. എന്തുകൊണ്ടാണ് ഭാക്ഷ്യസുരക്ഷാ വിഷയങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത്? നിയമങ്ങള്‍ കാറ്റില്‍പറത്തി സജീവമായി പ്രവര്‍ത്തിച്ചുപോരുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്നും നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇനിയും ഒരു മരണ വാര്‍ത്തക്ക് കാത്തുനില്‍ക്കാതെ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.