കൊച്ചി: യാത്രക്കാരെ ബന്ദികളാകുന്ന പരിപാടി റെയിൽവേ അവസാനിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. കോട്ടയം ആലപ്പുഴ ഭാഗത്തുള്ള യാത്രക്കാർക്ക് രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് എത്താനുള്ള രണ്ടു ജനകീയ സർവ്വീസുകളുടെ സമയമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു.
16341 ഇന്റർസിറ്റിയും 16303 വഞ്ചിനാട് എക്സ്പ്രസിന്റെയും സമയക്രമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ റെയിൽവേ തയ്യാറാകാത്തത് മൂലം 16303 വഞ്ചിനാടിലെ യാത്രക്കാർ കായംകുളം മുതൽ തീരാ ദുരിതത്തിലാണ്. കോട്ടയത്തു നിന്നും 6.23 നു പുറപ്പെടുന്ന വഞ്ചിനാട് കായംകുളത്തെ സമയമായ 7.28 നു മുൻപു തന്നെ മിക്ക ദിവസവും എത്താറുണ്ട്. അവിടെ തുടങ്ങുന്നു വഞ്ചനാടിന്റെയും യാത്രക്കാരുടെയും ദുരിതം.
പുതുക്കിയ സമയ പ്രകാരം 7.20നു കായംകുളത്ത് എത്തിച്ചേരേണ്ട 16341 ഇന്റർസിറ്റിക്കായി വഞ്ചി കാത്തിരിപ്പായി. അത് 15 മിനിട്ടു വരെയെങ്കിലും തുടരും. തുടർന്ന് ഇന്റർസിറ്റി പോയ ശേഷം 20 മിനിട്ടിലധികം കഴിഞ്ഞു വഞ്ചിനാട് യാത്ര പുനരാരംഭിക്കും. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. കൃത്യസമയത്ത് എത്തുന്ന വണ്ടികളെ കടത്തിവിടുക എന്നതാണ് റയിൽവേ ചെയ്യേണ്ടത്.
മാത്രമല്ല മറ്റൊരു ക്രൂര വിനോദം വഞ്ചിനാട് കായംകുളത്തു നിന്നും ആദ്യം പുറപ്പെട്ടാലും കരുനാഗപ്പള്ളി ശാസ്താംകോട്ട, പെരിനാട്; കൊല്ലം കഴക്കൂട്ടം തുടങ്ങി എവിടെയെങ്കിലും പിടിച്ച് ഇന്റർസിറ്റിയെ കയറ്റിവിടുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെ രണ്ടു വണ്ടികളും എക്പ്രസ് ട്രയിനുകൾ തന്നെ. പിന്നെ എന്തിനു ഈ വിവേചനം. ഇന്റർസിറ്റി ആദ്യം തിരുവനന്തപുരം എത്തിക്കണമെങ്കിൽ അതിനനുസരിച്ച് സമയം ക്രമീകരിക്കണം അല്ലാതെ യാത്രക്കാരെ വഴിയിൽ ബന്ദിയാക്കിയല്ല ട്രെയിൻ സർവീസ് നടത്തേണ്ടത്.
ഈ സംവിധാനം മാറിയേ തീരൂ. മുൻ കാലങ്ങളിൽ ഇതേ സാഹചര്യത്തിൽ കായംകുളം സ്റ്റേഷനിൽ പ്രത്യേക അനൗൺസ്മെന്റ് ഉണ്ടായിരുന്നു. ആദ്യം തിരുവനന്തപുരത്ത് എത്തുന്ന ട്രയിൻ എത്തിയിരിക്കുമെന്ന്. അത്യാവശ്യ യാത്രക്കാർക്ക് വണ്ടി മാറിക്കയറാൻ അത് പ്രയോജനപ്പെടുമായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട വിഷയത്തിൽ കുറച്ചുനാൾ റെയിൽവേ ആദ്യം വരുന്ന വണ്ടി ആദ്യം എത്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പഴയപടി ആയിരിക്കുകയാണ്. ഇതിനു മാറ്റം വരുത്താൻ റെയിൽവേ തയ്യാറാകണം. ട്രെയിൻ സമയത്ത് എത്തിക്കുന്നതിനോടൊപ്പം യാത്രക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് വാര്‍ത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.