ബംഗ്ലാദേശ് പ്രധാനമന്ത്രി മുതല്‍ മൗറീഷ്യസ് നേതാക്കള്‍ വരെ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തുന്ന വിദേശ നേതാക്കള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി മുതല്‍ മൗറീഷ്യസ് നേതാക്കള്‍ വരെ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തുന്ന വിദേശ നേതാക്കള്‍
ബംഗ്ലാദേശ് പ്രധാനമന്ത്രി മുതല്‍ മൗറീഷ്യസ് നേതാക്കള്‍ വരെ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തുന്ന വിദേശ നേതാക്കള്‍

ഡല്‍ഹി: ജൂണ്‍ എട്ടാം തീയതി രാത്രി എട്ടുമണിയ്ക്ക് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സത്യപ്രതിജ്ഞ ചടങ്ങില്‍ നിരവധി വിദേശ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ എന്നിവര്‍ തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ് നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചേക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ ഇന്ത്യ ക്ഷണിച്ചു. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്റ്റെക്. 2019-ല്‍ നടന്ന ചടങ്ങില്‍ വിവിഐപികള്‍ ഉള്‍പ്പെടെ 8,000 അതിഥികളാണ് പങ്കെടുത്തത്.

2014ല്‍ മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെ എല്ലാ സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍) നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ച മോദി റനില്‍ വിക്രമസിംഗെയെ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി മോദി ഫോണ്‍ സംഭാഷണം നടത്തി. ‘വിക്ഷിത് ഭാരത് 2047’, ‘സ്മാര്‍ട്ട് ബംഗ്ലാദേശ് 2041’ എന്നിവയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്‍ഡിഎയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച ആദ്യ വിദേശ നേതാക്കളില്‍ ഒരാളാണ് ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് എന്നിവരെയും ക്ഷണിക്കാന്‍ സാധ്യതയുണ്ട്. വിദേശ നേതാക്കള്‍ക്കുളള ഔപചാരിക ക്ഷണങ്ങള്‍ വ്യാഴാഴ്ച അയയ്ക്കും. 2019ല്‍ 24 കേന്ദ്രമന്ത്രിമാരും നരേന്ദ്ര മോദിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. 24 സഹമന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ളവര്‍ എന്നിവരും രാഷ്ട്രപതി ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

Top