ഗെയിമിങ് സോണിലെ തീപിടുത്തം: ഗുജറാത്ത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; വിമര്‍ഷിച്ച് ഹൈക്കോടതി

ഗെയിമിങ് സോണിലെ തീപിടുത്തം: ഗുജറാത്ത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; വിമര്‍ഷിച്ച് ഹൈക്കോടതി
ഗെയിമിങ് സോണിലെ തീപിടുത്തം: ഗുജറാത്ത് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; വിമര്‍ഷിച്ച് ഹൈക്കോടതി

ഗാന്ധിനഗര്‍: രാജ്കോട്ടില്‍ ടി.പി.ആര്‍. ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍കാണുന്നില്ലേ എന്നും ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടതി പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, ‘തങ്ങളുടെ അറിവോടെയല്ല ഗെയിമിങ് സോണ്‍ പ്രവര്‍ത്തിച്ചിരുന്നത്’ എന്നായിരുന്നു രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെയാണ് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. ‘നിങ്ങള്‍ അന്ധരായോ അതോ നിങ്ങള്‍ ഉറങ്ങുകയാണോ ഗുജറാത്തിലെ സര്‍ക്കാരിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം കോടതിക്ക് നഷ്ടമായിരിക്കുന്നു’, കോടതി വ്യക്തമാക്കി.

ഇത്തരത്തില്‍ കൃത്യമായ അനുമതിപത്രങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെപ്പറ്റിയും അന്വേഷിച്ച് അടുത്ത 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പ്രത്യേക സംഘം രൂപവത്കരിച്ചതായും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. മനീഷ കോടതിയെ അറിയിച്ചു. അതേസമയം, നഗരത്തില്‍ ഇത്തരത്തിലെ 34 ഗെയിമിങ് സോണുകളാണുള്ളതെന്നും അതില്‍ ഷോപ്പിങ് മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഗെയിമിങ് സോണുകള്‍ അഗ്‌നിസുരക്ഷാ വിഭാഗത്തിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ടതാണ് അഗ്‌നിസുരക്ഷാ വിഭാഗത്തിന്റെ അനുമതിപത്രം. അതില്ലാതെ ഇത്തരം ഗെയിമിങ് സോണുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ‘അപ്പോള്‍, ഈ നിയമങ്ങളൊന്നും രാജ്കോട്ടിന് ബാധകമായിരിക്കില്ല, അല്ലേ’, എന്നാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. സംഭവത്തില്‍ ഗെയിമിങ് സോണുകളുടെ ഉടമസ്ഥരായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഗുജറാത്തില്‍ തീപ്പിടിത്തംമൂലം ഉണ്ടാകുന്ന ആദ്യത്തെ അപകടമല്ല രാജ്കോട്ടിലേതെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം അപകടങ്ങള്‍ വീണ്ടും സംഭവിക്കാന്‍ കാരണമെന്നും കോടതി പറഞ്ഞു. ഇതിനുമുമ്പ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടന്നിട്ടുള്ളപ്പോഴൊക്കെ കോടതി ഇടപെട്ടിരുന്നു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ചുമൊക്കെ കോടതി അന്നും നിര്‍ദേശങ്ങള്‍ തന്നിരുന്നു. അവ നടപ്പിലാക്കിയിരുന്നെങ്കില്‍ രാജ്കോട്ടിലെ ദുരന്തം ഒഴിവാക്കാമായിരുന്നു. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പിടിപ്പുകേടുകാരണം ഗുജറാത്തില്‍ മനുഷ്യര്‍ മരിക്കേണ്ടിവരുകയാണ്, കോടതി കൂട്ടിച്ചേര്‍ത്തു.

Top