ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ദെഹ്റാദൂൺ അന്തഃസംസ്ഥാന ബസ് ടെർമിനലിലാണ് (ഐ.എസ്.ബി.ടി) രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം. നിലവിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
പ്രതികളായ ധർമേന്ദ്ര കുമാർ(32), രാജ്പാൽ(57), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. ഇതിൽ രവി കുമാർ യുപി സ്വദേശിയും മറ്റുള്ളവരെല്ലാം ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. അതുപോലെ രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്റെ ക്യാഷറാണ് രാജേഷ് കുമാർ സോങ്കർ.
കുട്ടിയെ കണ്ടെത്തുന്നു..
അതേസമയം സംഭവം നടന്നത് ഓഗസ്റ്റ് 12-ന് ആയിരുന്നെങ്കിലും 17-ാം തീയതിയാണ് വിവരം പോലീസ് പുറത്തുവിട്ടത്. ഐ.എസ്.ബി.ടിയിലെ ബെഞ്ചിൽ ഒരു പെൺകുട്ടി തനിച്ച് ഇരിക്കുന്നുവെന്ന വിവരം 12-ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടനെ സർക്കാരിന്റെ ബാൽനികേതനിലേക്ക് മാറ്റി.
എന്നാൽ ഇവിടെവെച്ചു നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയിൽ പട്ടേൽ നഗർ പോലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ശേഷം സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ്സ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും.
അതേസമയം ഡൽഹിയിൽവെച്ചാണ് കുട്ടിയെ കണ്ടതെന്ന് പ്രതികളിലൊരാളായ ദേവേന്ദ്ര പോലീസിനോട് പറഞ്ഞതായി എസ്.പി അജയ് സിങ് അറിയിച്ചു. തുടർന്ന്പഞ്ചാബിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് കുട്ടി ഇയാളോട് ചോദിച്ചു. അതേസമയം ഡെറാഡൂണിലെത്തി പഞ്ചാബിലേക്കുള്ള ബസ്സിൽ കയറിയാൽ മതിയെന്ന് ഇയാൾ കുട്ടിയോട് പറഞ്ഞു.